സ്ഥലസൗകര്യമില്ലാതെ വീർപ്പ്മുട്ടി കാരശ്ശേരി കുടുംബാരോഗ്യകേന്ദ്രം

കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം കെട്ടിടസൗകര്യമില്ലാതെ വീർപ്പുമുട്ടുന്നു. 2020-ൽ പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയെങ്കിലും സ്ഥലസൗകര്യമില്ലാതെ ഞെരുങ്ങി പ്രവർത്തിക്കേണ്ട അവസ്ഥയാണ്. 96 സെന്റ് സ്ഥലമുള്ള ഇവിടെ ഒരു ചെറിയ ഒ.പി.കെട്ടിടവും ഒരു ലാബ് കെട്ടിടവും മാത്രമാണുളളത്.
ജീവനക്കാർക്ക് ക്വാർട്ടേഴ്സ് പോലുമില്ല. കഴിഞ്ഞ സർക്കാരിന്റെകാലത്ത് ഇതിനുള്ള മാസ്റ്റർപ്ലാൻ തയാറാക്കുന്നത് പരിഗണിച്ചിരുന്നു. പക്ഷേ, നടന്നില്ല. ഇത്തവണത്തെ സർക്കാർബജറ്റിലും പരിഗണന കിട്ടിയില്ല. തോട്ടക്കാട്, മൈസൂർമല പോലുള്ള ധാരാളം ഉയർന്ന മലമടക്കുകളും താഴ്വാരങ്ങളുമൊക്കെയടങ്ങുന്ന യാത്രാസൗകര്യം പരിമിതമായ കാരശ്ശേരിക്കാർക്കും മരഞ്ചാട്ടി, തോട്ടുമുക്കം പോലുള്ള ചികിത്സാസൗകര്യങ്ങളില്ലാത്ത അയൽപ്രദേശത്തുകാർക്കും കാരശ്ശേരി ആശുപത്രിയിൽ കിടത്തിച്ചികിത്സയടക്കം സൗകര്യം മെച്ചപ്പെട്ടാൽ ലഭിക്കുന്നത് വലിയസഹായമാണ്. ജില്ലയിൽത്തന്നെഏറ്റവും കൂടുതൽ ആദിവാസികളും പട്ടികജാതിക്കാരുമുള്ള സ്ഥലമാണ് കാരശ്ശേരി. 35,000 വരുന്ന ജനസംഖ്യയിൽ പകുതിയിലേറെയും പാവപ്പെട്ടവരാണ്. ദൂരേക്ക് ചികിത്സ തേടിപ്പോകാൻ ഇവർക്കൊക്കെ വലിയ പ്രയാസമാണ്.
1987-ലാണ് തേക്കുംകുറ്റിയിൽ ആശുപത്രി അനുവദിച്ചത്. 1990-ൽ താത്കാലികകെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നാട്ടുകാർ ദാനംചെയ്ത 96 സെന്റ് സ്ഥലത്ത് കെട്ടിടം നിർമിച്ചു. ഈ കെട്ടിടത്തിന്റെ സൗകര്യക്കുറവുകാരണം മുന്നിലും വശത്തുമായി ലോഹഷീറ്റിട്ട് താത്കാലിക ഷെഡ്ഡുണ്ടാക്കിയാണ് പ്രവർത്തിക്കുന്നത്.
ചീട്ടെടുക്കാനും ഡോക്ടറെ കാണാന്നുമൊക്കെ രോഗികൾ കാത്തിരിക്കുന്നത് ഈ ഷെഡ്ഡിനകത്താണ്. വേനലായാൽ രോഗികൾക്കും ജീവനക്കാർക്കും ഒരേപോലെ അസഹ്യമായ ചൂട് സഹിക്കണം. 2018-ൽ ആശുപത്രിയിൽ ലാബ് കെട്ടിടം നിർമിച്ചു. ഇതും വളരെ ചെറുതായതിനാൽ ലോഹഷീറ്റുകൊണ്ട് മുന്നിൽ നീട്ടിയുണ്ടാക്കിയ ഷെഡ്ഡാണ് പ്രധാന ആശ്രയം ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് ഈ ഷെഡ്ഡാണ് ഇരിപ്പിടം. ലാബ് പരിശോധനയ്ക്ക് പുറമേ എല്ലാത്തരം പ്രതിരോധ കുത്തിവെപ്പുകളും ഇവിടെവെച്ചാണ് നൽകുന്നത്.
കോവിഡ് വാക്സിനെടുക്കാനെത്തിയവർക്ക് മഴയും വെയിലും കൊള്ളാതെ കാത്തുനിൽക്കാനും വാക്സിനെടുത്തശേഷം അരമണിക്കൂർ നിരീക്ഷണത്തിനിരിക്കാനും സ്ഥലമില്ലാത്തതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ടാർപോളിൻ വലിച്ചുകെട്ടി കസേരകളും ഇട്ടാണ് താത്കാലികമായി പഞ്ചായത്തധികൃതർ പരിഹാരമുണ്ടാക്കിയത്