കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ് വർധനവിൽ ഇളവ് വരുത്താൻ ഗ്രാമ പഞ്ചായത്തിന് അധികാരം നൽകണം; പ്രമേയം പാസാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

മുക്കം: സാധാരണക്കാർ ഉൾപ്പെടെ നിരവധി പേർക്ക് വലിയ ബാധ്യത വരുത്തിവെക്കുന്ന കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ് എന്നിവയുടെ
വർധനവിൽ ഇളവ് വരുത്താൻ ഗ്രാമപഞ്ചായത്തിന് അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ബാബു പൊലുകുന്ന് അവതരിപ്പിച്ച പ്രമേയത്തെ എം.ടി റിയാസ് പിന്താങ്ങി. വൻ തോതിലുള്ള ഫീസ് വർധനവ് സാധാരണ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണന്നും എന്നാൽ സർക്കാർ ഉത്തരവ് പാലിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണന്നും പ്രമേയത്തിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ
ഇളവ് വരുത്താൻ ഗ്രാമപഞ്ചായത്തിന് അധികാരം നൽകണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
സർക്കാർ ഉത്തരവ് പ്രകാരം ചുമത്തേണ്ട നികുതി സ്ലാബ് പ്രകാരം ഏറ്റവും കുറഞ്ഞ നിരക്കിൽ ജനങ്ങളിൽ നിന്ന് പിരിക്കാനും യോഗം തീരുമാനിച്ചു.
പ്രമേയത്തിൽ ഇടത് മെമ്പർമാർ വിയോജനകുറിപ്പ് രേഖപ്പെടുത്തുകയും ഇറങ്ങിപ്പോവുകയും ചെയ്തു.
സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയ ഇടത് മെമ്പർമാരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു.