കൊട്ടാരക്കോത്ത് കോഴിമാലിന്യ സംസ്‌കരണ ഫാക്ടറിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

പുതുപ്പാടി: കൊട്ടാരക്കോത്ത് ആരംഭിക്കുന്ന കോഴിമാലിന്യ സംസ്‌കരണ ഫാക്ടറിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ താമരശ്ശേരി പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫാക്ടറിയിലേക്ക് വെള്ളം എത്തിച്ച വാഹനം തടഞ്ഞ് ജീവനക്കാരെ അക്രമിച്ചതിന് എസ്.ഐയുടെ പരാതിയില്‍ ഒരു കേസും സമരക്കാര്‍ തടഞ്ഞിട്ട വാഹനം തിരിച്ചെടുക്കാന്‍ പോയപ്പോള്‍ സമരക്കാര്‍ അക്രമിച്ചുവെന്ന പരാതിയില്‍ ഒരു കേസും വാഹനത്തിലുണ്ടായിരുന്നയാള്‍ അക്രമിച്ചുവെന്ന പരാതിയില്‍ മറ്റൊരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.
പുതുതായി ആരംഭിക്കുന്ന കോഴിമാലിന്യ സംസ്‌കരണ ഫാക്ടറിക്കെതിരെ രണ്ട് വര്‍ഷമായി നാട്ടുകാര്‍ സമരത്തിലാണ്. ചൊവ്വാഴ്ച രാവിലെയാണ് വെള്ളവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞത്. രാത്രിയോടെ പോലീസിന്റെ നിര്‍ദേശപ്രകാരം വാഹനം എടുക്കാന്‍ എത്തിയവരെ വീണ്ടും അക്രമിച്ചുവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ആറു പേരെ പോലീസ് രണ്ട് വാഹനങ്ങളിലായാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സംഘടിച്ചെത്തിയവര്‍ സമര പന്തല്‍ അക്രമിക്കുകയായിരുന്നുവന്നാണ് സമര സമിതിയുടെ ആരോപണം.
വാഹനത്തിലുണ്ടായിരുന്നവരെ പോലീസ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ഇവിടെയെത്തിയ പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സമര സമിതി ഭാരവാഹിയുമായ ഷംസീര്‍ പോത്താറ്റിലിനു നേരെ കയ്യേറ്റമുണ്ടായി. തടയാനെത്തിയ വാര്‍ഡ് മെമ്പര്‍ ഗീതയേയും കയ്യേറ്റം ചെയ്തു. ഇവരുടെ പരാതിയിലും പോലീസ് കേസെടുത്തു. ഫാക്ടറിക്കെതിരെ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.