മുക്കത്ത് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞു

മുക്കം: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയെത്തുടർന്ന് വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് വ്യാപാരികളുടെ പ്രതിഷേധം. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡും മുക്കം നഗരസഭാ ആരോഗ്യവിഭാഗവും സംയുക്തമായി ആസൂത്രണം ചെയ്ത പരിശോധനയുമായി ബന്ധപ്പെട്ടെത്തിയ ഉദ്യോഗസ്ഥരെയാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. ബുധനാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.
പ്ലാസ്റ്റിക് കാരിബാഗുകൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ തുടങ്ങിയ നിരോധിത ഉത്പന്നങ്ങൾ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ, സെക്രട്ടറി അനീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അനിൽകുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. രാജേന്ദ്രൻ, ബീധ ബാലൻ, ടി.വി. മിബീഷ് എന്നിവരെയാണ് വ്യാപാരികൾ തടഞ്ഞത്.
പരിശോധന നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികൾ. കൂടുതൽ വ്യാപാരികൾ സ്ഥലത്തെത്തിയതോടെ വാക്കേറ്റവും ചെറിയ സംഘർഷാവസ്ഥയുമുണ്ടായി. തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി. പോലീസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ ചർച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന ധാരണയിലാണ് വ്യാപാരികൾ പ്രതിഷേധം അവസാനിപ്പിച്ചത്. ജോലിക്കെത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു