തിരുവമ്പാടിയിൽ പഞ്ചായത്തിന്റെ സൗജന്യ കുടിവെള്ളവിതരണം നിർത്തലാക്കി; പ്രതിഷേധവുമായി നാട്ടുകാർ

തിരുവമ്പാടി: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഗ്രാമപ്പഞ്ചായത്ത് മാസങ്ങളായി ലോറികളിൽ എത്തിച്ചിരുന്ന സൗജന്യ കുടിവെള്ളവിതരണം നിർത്തലാക്കി. 8, 9, 10, 11, 14, 15, 17 വാർഡുകളിലെ വിവിധ സ്ഥലങ്ങളിലാണ് കുടിവെള്ളമെത്തിച്ചിരുന്നത്. മുന്നറിയിപ്പ് നൽകാതെ നിർത്തലാക്കിയതോടെ കുടിവെള്ളമെത്തിച്ചിരുന്ന പകുതിയിടങ്ങളിലും കുടിനീർപ്രശ്‌നം തുടരുകയാണ്. സൗജന്യ കുടിവെള് ളവിതരണത്തിന് 12 ലക്ഷം രൂപ വിനിയോഗിക്കാം എന്നതായിരുന്നു സർക്കാർ നിർദേശമെന്നിരിക്കെ തനത് ഫണ്ടിൽനിന്നായി 22 ലക്ഷം രൂപയിൽ അധികം പഞ്ചായത്ത് വിനിയോഗിച്ചു കഴിഞ്ഞു.
അധിക ഫണ്ട് വിനിയോഗിക്കുന്നതിൽ സാങ്കേതിക പ്രശ്നമുള്ളതുകൊണ്ടാണ് കുടിവെള് ളവിതരണം നിർത്തിവെച്ചതെന്നും സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ വിതരണം പുനഃസ്ഥാപിക്കാൻ കഴിയൂവെന്നും പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് പറഞ്ഞു. പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കിണറുകളിലെ ജലവിതാനം കുത്തനെ താഴ്ന്നു വറ്റിവരണ്ട സ്ഥിതിയിലാണ്. അങ്കണവാടികൾ ഉൾപ്പെടെയുള്ള ഒട്ടേറെ സ്ഥാപനങ്ങളിലും ലോറികളിലായിരുന്നു കുടിവെള്ളമെത്തിച്ചിരുന്നത്.