നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേർ പോലീസ് പിടിയിൽ

തിരുവമ്പാടി: ഒട്ടേറെ മോഷണക്കേസിലെ പ്രതികളായ 2 പേർ പോലീസ് പിടിയിൽ. മലപ്പുറം ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ തുരുത്തിയിൽ കൊട്ടേക്കാടൻ ഗോപി (39), ഊർങ്ങാട്ടിരി മൈത്രയിൽ പൂവ്വത്തിക്കൽ കപ്പച്ചാലിൽ കെ.സി നൗഷാദ് (39) എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി കക്കാടംപൊയിൽ പീടികപ്പാറ റബ്ബർ തോട്ടത്തിൽ റബ്ബർ ഉത്പന്നങ്ങൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാർ ഇവരെ പിടികൂടുന്നത്.
തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പത്തോളം കേസുകളിലെ പ്രതികളാണെന്നറിയുന്നത്. പാലക്കാട്, അരീക്കോട്, മുക്കം, കൂരാച്ചുണ്ട് തുടങ്ങിയ സ്റ്റേഷനുകളിലാണ് കവർച്ച ഉൾപ്പെടെയുള്ള കേസുകൾ നിലവിലുള്ളത്. തിരുവമ്പാടി എസ്.എച്ച്.ഒ ഇൻചാർജ് എസ്.ഐ ഇ.കെ രമ്യയുടെ നേതൃത്വത്തിൽ എസ്.ഐ സി.ആർ അരവിന്ദൻ, എസ്.ഐ ബെന്നി, സി.പി.ഒമാരായ സുഭാഷ്, മഹേഷ്, ഉജേഷ്, നിമേഷ്, ബിജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ചോദ്യം ചെയ്തത്. താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.