മലബാർ റിവർ ഫെസ്റ്റിവൽ; മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ജൂലൈ 29ന് ഓമശ്ശേരിയിൽ

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ജുലൈ 29ന് ഓമശ്ശേരിയിൽ നടക്കും. ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ നടക്കുന്ന ടൂർണമെന്റ് ഒയിസ്‌ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ ആണ് സംഘടിപ്പിക്കുന്നത്. ഫാം ഹൗസിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗൽഭരായ ടീമുകൾ ഏറ്റുമുട്ടും.
പരിപാടിയുടെ വിപുലമായ ഒരുക്കങ്ങൾക്കായി ഡോ:എം.കെ മുനീർ എം.എൽ.എ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുൽനാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കെ എന്നിവർ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. ചെയർമാനായി അഷ്റഫ് കാക്കാട്ടിനെയും കൺവീനറായി റസാഖ് പുത്തൂരിനെയും തെരഞ്ഞെടുത്തു. ഒയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി കെ.ടി സെബാസ്റ്റ്യൻ, മലബാർ റിവർ ഫെസ്റ്റിവലിനു വേണ്ടി അജു ഇമ്മാനുവൽ, ജോസ് മാത്യു, പി.ടി അഗസ്റ്റിൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പി.വി ഹുസൈൻ, രാജീവൻ, റസാഖ് ഓമശ്ശേരി, പി.എ ഹുസൈൻ, ജയപ്രകാശ്, ഇ.കെ ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു.