കനത്തമഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം

മുക്കം: മലയോര മേഖലയിൽ 2 ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ചേന്ദമംഗലൂരിൽ കൂറ്റൻ തേക്കുമരം വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതത്തൂണും മരവും റോഡിലേക്ക് പതിച്ചതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. മുക്കം അഗ്നി രക്ഷാനിലയത്തിലെ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എം.സി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കനത്ത കാറ്റിനെത്തുടർന്ന് മുക്കം ബസ് സ്റ്റാൻഡിലെ കടയുടെ മേൽക്കൂര തകർന്നുവീണു. തൗഫീഖ് സ്റ്റോർ എന്ന കടയ്ക്ക് മുകളിലേക്കാണ് മേൽക്കൂരയും പരസ്യ ബോർഡുകളും തകർന്നുവീണ് ഗതാഗതം തടസ്സപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കനത്ത കാറ്റിനെ തുടർന്ന് പരസ്യ ഹോർഡിങ്ങിന്റെയും മേൽക്കൂരയുടെയും പകുതിഭാഗം ബസ് സ്റ്റാൻഡിലേക്കും ബാക്കി പകുതി മേൽക്കൂരയിലും തങ്ങി നിൽക്കുന്ന നിലയിയായിരുന്നു. ഇതോടെ ബസ് സ്റ്റാൻഡിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മുക്കം അഗ്നി രക്ഷാസേന മേൽക്കൂരയുടെ ഭാഗം പൂർണമായും മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ നേതൃത്വം നൽകി.
മുക്കം നഗരസഭയിലെ കുറ്റിപ്പാലയ്ക്കലിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു. കുറ്റിപാലക്കൽ ആസാദ് അബൂബക്കർ പുതുക്കുംചാലിന്റെ വീടിന്റെ മതിലാണ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്ക് ഇടിഞ്ഞുവീണത്. മുക്കം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ കല്ലുകൾ എടുത്തുമാറ്റി.