മുക്കം അഗസ്ത്യൻമുഴിയിലെ വിദേശമദ്യ വിൽപന ശാല; പ്രതിഷേധവുമായി വ്യാപാരികൾ

മുക്കം: അഗസ്ത്യാന്മുഴി അങ്ങാടിയിൽ മിനി സിവിൽ സ്റ്റേഷന് എതിർവശത്ത് വിദേശമദ്യ വില്പനശാല ആരംഭിക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വിവിധ സർക്കാർ ഓഫീസുകളും സ്കൂളുകളും ജുമുഅത്ത് പള്ളിയും സ്ഥിതി ചെയ്യുന്ന അഗസ്ത്യാന്മുഴി അങ്ങാടിയിൽ ഇപ്പോൾ തന്നെ ട്രാഫിക് ബ്ലോക്ക് ഗുരുതരമാണെന്നും ഇവിടെ മദ്യശാല കൂടി വന്നാൽ ട്രാഫിക് ബ്ലോക്ക് അതീവ ഗുരുതരം ആവുകയും അപകട സാധ്യത ഏറുകയും ചെയ്യുമെന്നും വ്യാപാരികൾ അഭിപ്രായപ്പെട്ടു.
കെ.വി.വി.ഇ.എസ് അഗസ്ത്യാന്മുഴി യൂണിറ്റിൽ വ്യാപാരി ദിനത്തോട് അനുബന്ധിച്ച് നടന്ന യോഗം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റും കൂടിയായ ജോസഫ് പൈമ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിൻ്റെ ഭാഗമായി അങ്ങാടിയിൽ പ്രകടനം നടത്തുകയും മധുരപലാഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിറ്റിലെ വ്യാപാരികൾ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.
ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ സുബ്രഹ്മണ്യൻ, ട്രഷറർ പി.കെ റഷീദ്, ഉണ്ണി പ്രശാന്തി, സുരേഷ് കുമാർ, ഗിരീഷ് കുമാർ, ലത്തീഫ് എ.കെ, അബ്ദുറഹിമാൻ എ, മത്തായി മൈക്കിൾ, ബിജു എ സി, പ്രമോദ് സി, സോമി തോമസ്, റീന രാജേഷ് തുടങ്ങിയവർ സംസാരിച്ചു.