ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ബിഗ് ക്യാൻവാസ് ഒരുക്കി

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിഗ് ക്യാൻവാസ് ഒരുക്കി. യുദ്ധവിരുദ്ധ സന്ദേശം ചിത്ര രൂപത്തിൽ പകർത്തി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ബിഗ് ക്യാൻവാസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ സ്റ്റഡി പാർക്കിൽ 30 മീറ്ററിലധികം നീളത്തിൽ തയ്യാറാക്കിയ ബിഗ് ക്യാൻവാസിൽ യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ 200ഓളം കുട്ടികൾ ലോക സമാധാനത്തിനായി അണിചേരാൻ ആഹ്വാനം ചെയ്തു കൊണ്ട് ചിത്രങ്ങൾ പകർത്തി. സ്കൂൾ അസി.മാനേജർ ഫാ.ആന്റണി പുത്തൂർ യുദ്ധവിരുദ്ധ സന്ദേശം നൽകി.
പ്രിൻസിപ്പാൾ ബോബി ജോർജ്, ഹെഡ്മാസ്റ്റർ സജി ജോൺ, പി.ടി.എ പ്രസിഡന്റ് ജോസ് ഞാവള്ളിൽ, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ ജിസ് ടോം, ഷിന്റോ മാനുവൽ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ജെ.ആർ.സി അംഗങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോമ്പും നടന്നു.