അഗ്നിരക്ഷാസേനയിൽ ഇനി പെൺതിളക്കം
മുക്കം: ദുരന്തമുഖങ്ങളിൽ രക്ഷകരാകാൻ അഗ്നിരക്ഷാസേനയിൽ ഇനി വനിതകളും. 87 വനിതകളാണ് ഫയർ വുമൺ തസ്തികയിൽ പ്രവേശനം നേടി സേവന രംഗത്തേക്ക് ചുവടുവെക്കുന്നത്. ഇതിൽ 13 പേർ കോഴിക്കോട് ജില്ലയിൽനിന്നുള്ളവരാണ്. അഗ്നിരക്ഷാസേനയിൽ പി.എസ്.സി വഴി ആദ്യമായാണ് വനിതകൾ എത്തുന്നത്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും എം.എസ്.സി മുതൽ എം.ഫിൽ വരെയുള്ളവർ സേനയുടെ ഭാഗമാകുന്നുണ്ട്. ആറുമാസം തൃശ്ശൂർ ഫയർ സർവീസ് അക്കാദമിയിലും തുടർന്ന് ആറുമാസം ഫയർ സ്റ്റേഷനിലും പരിശീലനം പൂർത്തിയാക്കിയശേഷം ഇവർ വിവിധ അഗ്നിരക്ഷ നിലയങ്ങളുടെ ഭാഗമാകും.
നീന്തൽ, സ്കൂബ, അഗ്നിരക്ഷ, മലകയറ്റം എന്നിവ ഉൾപ്പെടുന്ന പരിശീലനം സെപ്റ്റംബർ നാലിന് ആരംഭിക്കും. സേനയിലെ അടിസ്ഥാന സൗകര്യങ്ങളിലും ഇനി മാറ്റം വരും. വനിതകൾക്കായി അക്കാദമിയിൽ പരിശീലന സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞു. മുക്കം ഫയർസ്റ്റേഷൻ പരിധിയിലുള്ള ഫയർ വുമൺ ട്രെയിനികളായ ശ്വേതാ, തീർത്ഥ, ഐശ്വര്യ, ഉണ്ണിമായ, അതുല്യ എന്നിവർക്ക് മുക്കം അഗ്നിരക്ഷാ നിലയത്തിൽ യാത്രയയപ്പ് നൽകി. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ പി.കെ ഭരതൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എം.സി മനോജ്, പയസ് അഗസ്റ്റിൻ, അബ്ദുൾ ഷുക്കൂർ, സന്തോഷ് കുമാർ, നാസർ തുടങ്ങിയവർ സംസാരിച്ചു.