അധ്യാപകർ സാഹോദര്യത്തിൻ്റെ കാവലാളുകളാകണം; എം.ജി.എം ജില്ലാ മോറൽ ഹട്ട്
മുക്കം: പുതു തലമുറയിൽ മതേതര ബോധവും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കേണ്ട അധ്യാപകർ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വിത്ത് പാകുന്നത് അത്യന്തം ഉത്കണ്ഠയുളവാക്കുന്നുവെന്ന് മുക്കം ഇസ്ലാഹി സെന്ററിൽ സമാപിച്ച ഏകദിന മോറൽ ഹട്ട് സംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തെ ക്ലാസ് മുറികളിൽ മതം – ജാതി വിവേചനങ്ങൾ അവസാനിപ്പിച്ച് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ അധ്യാപക സമൂഹം മുന്നോട്ട് വരണമെന്നും അവർ സാഹോദര്യത്തിൻ്റെ കാവലാളുകളാണെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.
എം.ജി.എം കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മോറൽ ഹട്ട് മുക്കം നഗരസഭ കൗൺസിലർ റംല ഗഫൂർ ഉദ്ഘാടനം ചെയ്തു. എം.ജി.എം ജില്ലാ പ്രസിഡന്റ് സഫൂറ ടീച്ചർ അധ്യക്ഷതവഹിച്ചു. കെ.എൻ.എം ജില്ലാ സെക്രട്ടറി പി.സി അബ്ദുറഹിമാൻ, എം.എസ്.എം സംസ്ഥാന സെക്രട്ടറി അഡ്വ: നജാദ് കൊടിയത്തൂർ, സെക്രട്ടറി ഷമീന ഇയ്യക്കാട്, പി.എ ആസാദ് കൂളിമാട്, എം.ജി.എം സംസ്ഥാന വൈസ് പ്രസിഡന്റ് മറിയ കുട്ടി സുല്ലമിയ്യ എന്നിവർ
സംസാരിച്ചു.
കരിയർ കൗൺസലർ എം.ടി ഫരിദ, സി.പി അബ്ദുസ്സമദ്, റഷീദ് ഉഗ്രപുരം എന്നിവർ ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ നഫീസാ ബാപ്പുട്ടി. ഷക്കീല ആരാമ്പ്രം, ഫാത്വിമ കുന്ദമംഗലം, സമീറാ തിരുത്തിയാട്, ഫിദ ഫൈസൽ, ജമീല ടീച്ചർ ചേറ്റൂർ, സാജിദ ചേന്ദമംഗല്ലൂർ, നജ് ല എൻ.കെ, റസീന, സജ്ന തുടങ്ങിയവർ നേതൃത്വം നൽകി.