ദമ്പതിമാർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിട്ട് നിർത്താതെപോയ കാർ കണ്ടെത്തി
തിരുവമ്പാടി : താഴെ കൂടരഞ്ഞി മുക്കം റോഡിൽ തോണക്കരയിൽ ദമ്പതിമാർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിട്ടുനിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി. കുമരംചേരിൽ അനസിന്റെ ഉടമസ്ഥയിലുള്ള കാറാണ് തിരുവമ്പാടി പോലീസ് കണ്ടെത്തിയത്. സി.സി.ടി.വി. ക്യാമറദൃശ്യം കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവിലാണ് കാർ കണ്ടെത്തിയത്. ഇതേകാർ പിന്നീട് കൂട്ടക്കര മരഞ്ചാട്ടി റോഡിൽ കുന്തംചാരിയിൽ മറ്റൊരു ബൈക്കിനേയും ഇടിച്ചുതെറിപ്പിച്ചിരുന്നു. ബൈക്ക് യാത്രികന് സാരമായ പരിക്കേറ്റു. നാട്ടുകാർ ആശുപത്രിയിൽകൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്നവർ കൂട്ടാക്കിയില്ല. നാട്ടുകാരുമായി കയർക്കുകയും ചെയ്തു. മദ്യപസംഘം സഞ്ചരിച്ച കാറാണ് അപകടം വരുത്തിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് ആദ്യ അപകടം. കാരശ്ശേരി പാറത്തോട് കളിരാങ്ങൽ മാലതി (55) ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് പ്രഭാകരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ മാലതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പ്രാഥമിക വിവര റിപ്പോർട്ട് രേഖപ്പെടുത്തുന്നതിനുമുമ്പേ പരാതിയില്ലെന്നറിച്ചതിനാലാണ് കേസെടുക്കാൻ സാധിക്കാത്തതെന്ന് പോലീസ് അറിയിച്ചു. അപകടം വരുത്തിയ കാറിലുണ്ടായിരുന്നവർ ഭരണകക്ഷി നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്നും ഇക്കാരണത്താലാണ് കേസ് ഒതുക്കിത്തീർത്തതെന്നും ആരോപണമുണ്ട്.