കാരശ്ശേരി പഞ്ചായത്തിൽ ഏഴാമത്തെ സെക്രട്ടറിക്കും സ്ഥലംമാറ്റം

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ ജീവനക്കാരുടെ സ്ഥലംമാറ്റം തുടരുകയാണ്. കഴിഞ്ഞമാസം ഒമ്പതാംതീയതി ചാർജെടുത്ത സെക്രട്ടറി ഒരുമാസം തികയുംമുൻപ് സ്ഥലംമാറിപ്പോയി. രണ്ടരവർഷത്തിനിടയിൽ ഇത് ഏഴാമത്തെ സെക്രട്ടറിയാണ് സ്ഥലംമാറിപ്പോയത്. പാലക്കാട്ടുനിന്ന് വന്ന ആറാമത്തെ സെക്രട്ടറി 11 ദിവസമായിരുന്നു പഞ്ചായത്തിൽ ഉണ്ടായിരുന്നത്. കോട്ടയത്തുനിന്നും എത്തിയ ഇപ്പോഴത്തെ സെക്രട്ടറി രേഖ പി. നായർ തൃശ്ശൂരിലേക്കാണ് സ്ഥലംമാറിപ്പോയത്. നിലവിൽ മാസങ്ങളായി അസിസ്റ്റന്റ് സെക്രട്ടറിയും ഇല്ലാത്തതിനാൽ ഹെഡ് ക്ലാർക്കിന് ചുമതല കൈമാറിയാണ് സെക്രട്ടറി പോയത്.
ഇതോടെ ഹെഡ് ക്ലാർക്ക് സുരേഷ് കുമാറിനെ സെക്രട്ടറിയുടെയും അസിസ്റ്റൻറ് സെക്രട്ടറിയുടെയും ഉൾപ്പെടെ മൂന്ന് തസ്തികകളുടെ ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത്. അസി. എൻജിനിയറുടെയും ഈ വിഭാഗത്തിൽ ഒരു ക്ലാർക്കിന്റെയും തസ്തികയും ഏറെനാളായി ഒഴിഞ്ഞുകിടക്കുകയാണ്. ജനനമരണ രജിസ്ട്രേഷൻ ലൈസൻസ്, പദ്ധതിനിർവഹണം തുടങ്ങിയ ചുമതലകൾ വഹിക്കുന്ന രണ്ട് ക്ലാർക്കുമാർ സ്ഥലം മാറിപ്പോയ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഫലത്തിൽ ആറു തസ്തികകളിലാണ് ആളില്ലാതെയുള്ളത്.