കുറ്റിയറ്റു പോകുന്ന കൂട്ടുകാരെ തേടി കൊടിയത്തൂർ ജി എം യുപി സ്കൂൾ വിദ്യാർത്ഥികൾ

കൊടിയത്തൂർ : വംശനാശ ഭീഷണി നേരിടുന്ന വരയാടുകളെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി കേരള വനം പരിസ്ഥിതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വിദ്യാർഥികൾക്കായി ഇരവികുളം നാഷണൽ പാർക്ക് രണ്ടു ദിവസത്തെ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. പശ്ചിമ ഘട്ടത്തിലെ പാറകൾക്ക് ഇടയിൽ ജീവിക്കുന്ന വരയാടുകൾ അവശേഷിക്കുന്ന കേരളത്തിലെ ഏക വനമേഖലയാണ് ഇരവികുളം. 900 ത്തോളം വരയാടുകളാണ് ഇനി ഭൂമിയിൽ അവശേഷിക്കുന്നത്.
“കുറ്റിയറ്റു പോകുന്ന കൂട്ടുകാരെ അറിയുക” എന്നപേരിൽ സ്കൂൾ പരിസ്ഥിതി ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് നടന്നത്. രാജമലയിലേക്ക് ട്രക്കിംഗ് നടത്തിയാണ് വിദ്യാർത്ഥികൾ വരയാടുകളുടെ ആവാസ വ്യവസ്ഥയെ കുറിച്ച് നേരിട്ടറിഞ്ഞത്. നേരത്തെ സിംഹ വാലൻ കുരങ്ങുകളെ കുറിച്ച് പഠിക്കുന്നതിനായി 3 ദിവസത്തെ പ്രകൃതി പഠന ക്യാമ്പ് പാലക്കാട് ജില്ലയിലെ സൈലൻ്റ് വാലിയിൽ സംഘടിപ്പി ച്ചിരുന്നു. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുമേഷ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഇരവികുളം നാഷണൽ പാർക്കിനെ കുറിച്ചും വരയാടുകളുടെ പ്രത്യേകതകളെക്കുറിച്ചും ഫോറസ്റ്റ് ഓഫീസർ അജീഷ് ക്ലാസെടുത്തു. പ്രഥമാധ്യാപകൻ ഇ.കെ അബ്ദുൽസലാം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ ഫൈസൽ പാറക്കൽ അധ്യാപികമാ രായ കെ.പി നഷീ ദ, യു റുബീന, സ്കൂൾ ലീഡർ ഷെഫിൻ നസീർ, പരിസ്ഥിതി ക്ലബ്ബ് ലീഡർ യാമീ ൻ ഹഖ്, സുമയ്യ പുതിയോട്ടിൽ, സമിത്ത് മുഹമ്മദ്, റയാൻ ഗോശാലക്കൽ തുടങ്ങിയവർ സംസാരിച്ചു.