തിരുവമ്പാടിയിൽ കട്ടിൽ വിതരണത്തിലെ അനാസ്ഥയിൽ പ്രതിഷേധവുമായി എൽ.ഡി.എഫ്
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ മാർച്ച് 31ന് കൊടുത്തു തീർക്കേണ്ടിയിരുന്ന വയോജനങ്ങളുടെ കട്ടിൽ പദ്ധതിയിൽ വീഴ്ച വരുത്തിയ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനുമെതിരെ സമരം ശക്തമാക്കി എൽ.ഡി.എഫ്. പഞ്ചായത്തിലെ 240 പേർക്കായിരുന്നു കട്ടിൽ കൊടുക്കേണ്ടിയിരുന്നത്. കട്ടിൽ കിട്ടാതെ ഇതിനോടകം 6 പേർ മരണപ്പെട്ടു. ഇനിയും 200ൽ അധികം ആളുകൾക്ക് ആണ് കട്ടിൽ ലഭിക്കാനുള്ളത്.
കഴിഞ്ഞ മാർച്ച് 31ന് മുമ്പ് പദ്ധതി പണമായ ഒമ്പതു ലക്ഷത്തി പന്ത്രണ്ടായിരം രൂപ കരാറുകാരന് കൊടുക്കുകയും എന്നാൽ അവശേഷിക്കുന്ന ഗുണഭോക്താക്കൾക്ക് കട്ടിൽ കൊടുക്കാതെ അഴിമതി നടത്തിയതിനെതിരെ ഇന്നത്തെ പഞ്ചായത്തു ഭരണ സമിതി യോഗത്തിൽ നിന്നും എൽ.ഡി.എഫ് മെമ്പർമാർ ഇറങ്ങിപ്പോക്കു നടത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണയിൽ കെ.എം മുഹമ്മദലി, കെ.ഡീ ആൻ്റണി, കെ.എം ബേബി, എ.പി ബീന, റംല ചോലക്കൽ, അപ്പു കെ.എൻ, രാധാമണി തുടങ്ങിയവർ സംസാരിച്ചു. വിഷയം സംബന്ധിച്ച് സ്റ്റേറ്റ് വിജിലൻസ് ഡയറക്ടർ, പഞ്ചായത്ത് വകുപ്പ് മന്ത്രി, കോഴിക്കോട് ഡീ.ഡീ.പി എന്നിവർക്ക് പരാതി നൽകി.