Koodaranji
കൂടരഞ്ഞിയിൽ വർക്ക്ഷോപ്പിൽ നിന്ന് ചാരായം പിടികൂടി; ഉടമ റിമാൻഡിൽ

കൂടരഞ്ഞി: കൂടരഞ്ഞി കാരാട്ടുപാറ റോഡിലെ വർക്ക്ഷോപ്പിൽ എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായം കണ്ടെടുത്തു. വർക്ക് ഷോപ്പ് ഉടമ കൂടരഞ്ഞി കാരാട്ടുപാറ വടക്കാഞ്ചേരി വി.വി ജിജോ (43) യെ കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
പ്രതിയെ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 13ന് ഇയാളുടെ വീട്ടിൽനിന്ന് 1200 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും പിടികൂടിയിരുന്നെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. വാടക വീടുകൾ കേന്ദ്രീകരിച്ചും ഇയാൾ വാറ്റു നടത്താറുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
പ്രിവന്റീവ് ഓഫീസർ പി.കെ അനിൽ കുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ വി.എ ജസ്റ്റിൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി വിജയൻ, ഡ്രൈവർ എൻ.പി പ്രബീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.