കൃഷിയിടം പരീക്ഷണശാലയാക്കി; ജോൺ ജോസഫിന് ദേശീയ സസ്യജനിതക സംരക്ഷണ പുരസ്കാരം

കോടഞ്ചേരി: സ്വന്തം കൃഷിയിടം കാർഷിക പരീക്ഷണശാലയാക്കി ജനിതകസംരക്ഷണത്തിന്റെ നേർക്കാഴ്ചയൊരുക്കിയ കർഷകൻ ജോൺ ജോസഫിന് ദേശീയ സസ്യജനിതക സംരക്ഷണ പുരസ്കാരം. കോടഞ്ചേരി ശാന്തിനഗർ ഓണംതുരുത്തിൽ ജോൺ ജോസഫാണ് കേന്ദ്രസർക്കാരിന്റെ 2021-22 വർഷത്തിലെ ദേശീയ സസ്യജനിതക സംരക്ഷണ പുരസ്കാരം നേടിയത്. ‘പ്ലാന്റ് ജീനോം സേവ്യയർ’ പുരസ്കാരവും ഒന്നര ലക്ഷം രൂപ കാഷ് അവാർഡും രാഷ്ട്രപതിയിൽ നിന്ന് ചൊവ്വാഴ്ച ജോൺ ജോസഫ് ഏറ്റുവാങ്ങി. കേരളത്തിലെ വിവിധ ഇടങ്ങളിൽനിന്ന് മികച്ച ജാതിക്ക ഇനങ്ങൾ ശേഖരിച്ചു വളർത്തുന്ന കർഷകനാണ് ജോൺ ജോസഫ്. നൂറിലേറെ ഇനം ജാതിമരങ്ങളാണ് തോട്ടത്തിലുള്ളത്. വൈവിധ്യമാർന്ന ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കൃഷിയും ജനിതക അവാർഡിനായി പരിഗണിച്ചു.
പഴ വർഗങ്ങളുടെയും മരച്ചീനിയുടെയും വ്യത്യസ്തങ്ങളായ ഇനങ്ങളും ജോൺ ജോസഫിന്റെ പതിനഞ്ചേക്കർ കൃഷിയിടത്തിലുണ്ട്. മികച്ച കർഷകനും മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ ഒഫീഷ്യൽ ലാംഗ്വേജ്‌സ് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു പിതാവ് പരേതനായ ഓണംതുരുത്തിയിൽ ജോസ് ഓസ്റ്റിൻ പകർന്നുനൽകിയ കാർഷിക അറിവുകളും കൃഷിയോടുള്ള ആഭിമുഖ്യവുമാണ് ജോൺ ജോസഫിനെ ഈ രംഗത്ത് മുന്നേറാൻ സഹായിച്ചത്. ബിരുദാനന്തര ബിരുദധാരിയും സംസ്ഥാന ബാസ്‌കറ്റ്ബോൾ ടീമംഗവുമായിരുന്ന ജോൺ ജോസഫ് ശാസ്ത്രത്തിന്റെ നൂതന അറിവുകൾ കൃഷിയിടത്തിൽ പരീക്ഷിച്ചു. നാഷണൽ ഡെയറിഫാം അവാർഡ്, ഇന്ത്യൻ അഗ്രിക്കൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ ഇനോവേറ്റീവ് അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.