Thiruvambady

നിപ പ്രതിരോധം; തിരുവമ്പാടിയിൽ അവലോകന യോഗം ചേർന്നു

തിരുവമ്പാടി: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് തിരുവമ്പാടിയിൽ അവലോകന യോഗം ചേർന്നു. കോഴിക്കോട് ജില്ലയിൽ നിപ ഭീതി അകന്നെങ്കിലും കാർഷിക-മലയോര മേഖലയായ തിരുവമ്പാടിയിൽ ജാഗ്രത തുടരണമെന്ന് യോഗം വിലയിരുത്തി. പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾക്ക് തിരുവമ്പാടി എഫ് എച്ച് സിയിൽ വെച്ച് ചേർന്ന അവലോകന യോഗത്തിൽ അന്തിമ രൂപം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർ കെ.എം മുഹമ്മദലി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഷില്ലി എൻ.വി തുടങ്ങിയവർ സംസാരിച്ചു.

വവ്വാലുകൾ, പന്നി മറ്റു മൃഗങ്ങൾ എന്നിവയുടെ ആസ്വഭാവിക മരണം വാര്‍ഡ് മെമ്പര്‍മാരെ അറിയിക്കുക, തെങ്ങ്, പന എന്നിവയിൽ തുറന്നു വെച്ച് ശേഖരിക്കുന്ന പാനീയങ്ങൾ കുടിക്കരുത്, പക്ഷി മൃഗാദികളുടെ സ്രവങ്ങൾ വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടായാൽ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, പക്ഷി മൃഗാദികളുടെ ശരീര സ്രവങ്ങൾ, വിസർജ്യം എന്നിവ കലരാത്ത രീതിയിൽ ഭക്ഷണപദാർത്ഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സൂക്ഷിക്കുക, പക്ഷികളുടെയോ മൃഗങ്ങളുടെയോ കടിയോ പോറലോ ഏറ്റ പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴിക്കരുത്, താഴെ വീണു കിടക്കുന്ന പഴങ്ങൾ കഴിക്കരുത്, പഴങ്ങൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി കഴിവതും തൊലി കളഞ്ഞ ശേഷം ഉപയോഗിക്കുക, പനി വന്നാല്‍ ചികിത്സ തേടുന്നതോടൊപ്പം ആശവര്‍ക്കര്‍മാരെ കൂടി വിവരം അറിയിക്കുക, പനിയുള്ളവർ വീട്ടിൽ തന്നെ കഴിയുക, മാസ്ക് സാനിറ്റൈസർ എന്നിവ ഉപയോഗിക്കുക, ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക, വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കുക, ചടങ്ങ് സംബന്ധിച്ച വിവരം വാര്‍ഡ് മെമ്പറെയോ ആരോഗ്യ പ്രവർത്തകരെയോ മുന്‍കൂട്ടി അറിയിക്കുക, ആരോഗ്യ വിഭാഗം നല്‍കുന്ന നിര്‍ദ്ദേശം ചടങ്ങുകളില്‍ പൂര്‍ണ്ണമായും പാലിക്കുക, അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ ആശുപത്രി സന്ദർശനം ഒഴിവാക്കുക, കലാ സാംസ്‌കാരിക, കായിക പരിപാടികൾ നിർത്തിവെക്കുക, ആശങ്ക പടർത്തുന്ന വ്യാജ മെസ്സേജുകൾ ഒഴിവാക്കുക, ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്ന ആളുകൾ പരമാവധി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുക തുടങ്ങിയവയാണ് യോഗം മുന്നോട്ട് വച്ച നിർദേശങ്ങൾ.

Related Articles

Leave a Reply

Back to top button