വീതി കുറഞ്ഞ നടപ്പാത; പ്രതിഷേധവുമായി തിരുവമ്പാടിയിലെ വ്യാപാരികൾ
തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ നിർമ്മിച്ച നടപ്പാതയ്ക്ക് നിഷ്കർഷിച്ച വീതിയില്ലാത്തതിൽ പ്രതിഷേധം അറിയിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ്. നവീകരണത്തിന്റെ ഭാഗമായി പ്രസ്തുത റോഡിൻറെ എല്ലാ ടൗണുകളിലും ഡക്റ്റ്, ഡ്രെയിനേജ് എന്നിവയും ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തും ഹാൻഡ് റെയിലും സ്ട്രീറ്റ് ലൈറ്റും ഡി.പി.ആറിൽ നിഷ്കർഷിച്ചിട്ടുണ്ട് എങ്കിലും ഇവയിൽ നിന്ന് വേദിച്ച് 75 സെൻറീമീറ്റർ വീതിയിലാണ് ഫുട്പാത്ത് നവീകരിച്ചത്. നിലവിൽ 75 സെൻറീമീറ്റർ വീതിയുള്ള ഫുട്പാത്തിന് ഹാൻഡ് റെയിൽ നിർമിക്കാനുള്ള ഒരുക്കത്തിലാണ് കരാറുകാർ. ഇത് തിരുവമ്പാടി ടൗണിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യത ഒരുക്കുന്നതാണെന്ന് വ്യാപാരികൾ വിലയിരുത്തി.
തിരുവമ്പാടി ടൗണിൽ സെന്റിന് ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂമി സ്ഥലം ഉടമകൾ സൗജന്യമായി വിട്ട് നൽകിയത് ടൗണിന്റെ പുരോഗതി മുന്നിൽ കണ്ടാണ്. ഇവയെല്ലാം കാറ്റിൽ പറത്തി 75 സെൻറീമീറ്റർ മാത്രം വീതിയുള്ള ഫുട്പാത്തിന് ഹാൻഡ് റെയിൽ ഫിറ്റ് ചെയ്യുന്നത് നടപടിയെ എന്ത് വിലകൊടുത്തും, വിവിധ സമരമാർഗ്ഗങ്ങളിലൂടെയും നേരിടും എന്ന് ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ വ്യാപാരികൾ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് ജിജി തോമസ്, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ സി, ട്രഷറർ അബ്ദുൽ ഗഫൂർ പി.പി, വൈസ് പ്രസിഡന്റുമാരായ ഫൈസൽ സി.എം, അബ്ദുൽ റഷീദ് ടി.ആർ.സി, സെക്രട്ടറിമാരായ എബ്രഹാം ജോൺ, നദീർ ടി.എ, തോമസ് സെബാസ്റ്റ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.