ജൽജീവൻ മിഷൻ; അശാസ്ത്രീയ പ്രവർത്തി വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു

കൊടിയത്തൂർ: ജലജീവൻ മിഷൻ പ്രവർത്തിയുടെ അശാസ്ത്രീയത കാരണം ദുരിതത്തിലായിരിക്കുകയാണ് കൊടിയത്തൂർ പൊലുകുന്നത്ത് സ്വദേശിയായ പള്ളിക്കുട്ടിയും കുടുംബവും. കഴിഞ്ഞ ദിവസം പന്നിക്കോട് മുള്ളൻമട റോഡരികിലെ പള്ളിക്കുട്ടിയുടെ വീടിന്റെ സംരക്ഷണഭിത്തി ശക്തമായ മഴയിൽ തകർന്നു. പൈപ്പിടുന്നതിനായി സംരക്ഷണഭിത്തിയോട് ചേർന്ന് കുഴിയെടുത്തതാണ് ഭിത്തി തകരാൻ കാരണമായതെന്ന് വീട്ടുകാർ പറയുന്നു. കുഴി മാസങ്ങളായിട്ടും റീസ്റ്റോർ ചെയ്ത് പൂർവസ്ഥിതിയിലാക്കിയിരുന്നില്ല. മതിലിടിഞ്ഞത് വീടിനും ഭീഷണിയായിരിക്കുകയാണ് ഭിത്തിയുടെ ബാക്കിഭാഗം ഏതുനിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ്. റോഡിന്റെ മറുഭാഗത്ത് ആർക്കും പ്രയാസമില്ലാതെ പൈപ്പ് സ്ഥാപിക്കാമായിരുന്നിട്ടും അതിന് തയാറായില്ലെന്നും വീട്ടുകാർ പറയുന്നു.
സംരക്ഷണഭിത്തി തകർന്ന വീട് കൊടിയത്തൂർ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത് ബാബു പൊലുകുന്ന്, മറിയംകുട്ടി ഹസ്സൻ, പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ നാസർ, കോമളം തോണിച്ചാൽ എന്നിവർ സന്ദർശിച്ചു.
ജൽജീവൻ മിഷൻ അധികൃതരെ വിവരമറിയിച്ചതായും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും പഞ്ചായത്ത് പ്രസിഡന്റ ദിവ്യ ഷിബു, വാർഡ് മെമ്പർ ബാബു പൊലുകുന്ന് എന്നിവർ അറിയിച്ചു.