പുല്ലൂരാംപാറ ജോയി റോഡ് ഭാഗത്ത് ഉള്ളത് സർക്കാർ സ്പോൺസേർഡ് പാമ്പ്, പന്നിവളർത്തൽ കേന്ദ്രം; കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി
പുല്ലൂരാംപാറ: ജോയി റോഡ് ഭാഗത്ത് ഹൗസിങ്ങ് ബോർഡ് ഉടമസ്ഥതയിലുള്ള സ്ഥലം വർഷങ്ങളായി യാതൊരു വിധ ആവശ്യത്തിനും ഉപയോഗിക്കാതെ കിടക്കുന്നതു കൊണ്ട് കാടുപിടിച്ച് ഇഴജന്തുക്കളുടെയും കാട്ടുപന്നിയുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണെന്നും തന്മൂലം നാട്ടിലെ കർഷകർ അനുഭവിക്കുന്ന ദുരിതം വർണ്ണനാതീതമാണെന്നും ഇത് കണക്കിലെടുത്ത് സ്ഥലം സന്ദർശിച്ച് കർഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടതിനോട് സി.പി.എം പ്രാദേശിക നേതൃത്വം സ്വീകരിച്ച നിലപാട് തികച്ചും പരിഹാസ്യവും അപലനീയവുമാണെന്നും ഹൗസിങ്ങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കാടുപിടിച്ച് ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായി മാറിയതിന് തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിയെയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും സി.പി.എം പഴിക്കുന്നത് ആടിനെ പട്ടിയാക്കുന്ന സമീപനമാണെന്നും തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി കുറ്റപ്പെടുത്തി.
തൊഴിലുറപ്പു പദ്ധതിയിൽപെടുത്തി മേൽപ്പറഞ്ഞ സ്ഥലത്തെ കാട് വെട്ടിക്കാത്തതിന് തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിയെ പഴിചാരുന്നത് മാനദണ്ഡങ്ങൾ അനുസരിച്ച് തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെയോ പൊതു സ്ഥലത്തോ കാട് വെട്ടാൻ പാടില്ലെന്ന പ്രാഥമിക അറിവു പോലും തിരുവമ്പാടിയിലെ സി.പി.എം നേതൃത്വത്തിന് ഇല്ലാതെ പോയതിൽ ദു:ഖിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ഹൗസിങ്ങ് ബോർഡിൻ്റെ ഉടമസ്ഥതയിൽ പുല്ലൂരാംപാറ ജോയി റോഡിലുള്ള സ്ഥലം ഏത് ആവശ്യത്തിനാണോ വാങ്ങിയത് പ്രസ്തുത ആവശ്യത്തിന് ഉപയോഗിക്കുകയോ അല്ലെങ്കിൽ കാട് വെട്ടിതെളിച്ച് ക്ഷുദ്രജീവികളുടെ വാസസ്ഥലം എന്ന അവസ്ഥക്ക് മാറ്റം വരുത്തണമെന്ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി ഹൗസിങ്ങ് ബോർഡിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മണ്ഡലം കമ്മറ്റി മുന്നറിയിപ്പു നൽകി.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടോമി കൊന്നക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്ബ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കത്തെരുവിൽ, മനോജ് വാഴേപ്പറമ്പിൽ, ജുബിൻ മണ്ണൂകുശമ്പിൽ, സോമി വെട്ടുകാട്ട്, ഷിജു ചെമ്പനാനി, ജോസ് പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ടി.എൻ സുരേഷ്, പി സിജു മാസ്റ്റർ, ജിതിൻ പല്ലാട്ട്, ബേബിച്ചൻ കൊച്ചുവേലിക്കകത്ത്, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.