Mukkam
പൂളപ്പൊയിൽ-അമ്പലക്കണ്ടി റോഡിൽ ദുരിതയാത്ര തുടരുന്നു
മുക്കം: നഗരസഭയിലെ പൂളപ്പൊയിൽ-അമ്പലക്കണ്ടി റോഡിൽ ദുരിതയാത്ര തുടരുന്നു. റോഡിലെ വലിയ കുഴികളിൽ മഴയത്ത് വെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് നവീകരണത്തിന് 30 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയാകാത്തതാണ് പ്രവൃത്തി വൈകാൻ കാരണം. പൂളപ്പൊയിൽനിന്ന് പ്രവേശിക്കുന്ന ഭാഗത്താണ് വലിയതോതിൽ റോഡ് തകർന്നത്. കുറച്ചു ഭാഗത്ത് നേരത്തേ കോൺക്രീറ്റ് ചെയ്തിരുന്നു.
ഗെയിൽ വാതക പൈപ്പ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഈ റോഡിലാണ്. നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന റോഡാണിത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ പ്രവൃത്തി തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.