റോക്കറ്റ് വിക്ഷേപണം നേരിൽ കണ്ട് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ്ബ് കൺവീനർ പത്താം ക്ലാസുകാരി തീർഥയ്ക്കും കൂട്ടുകാർക്കും റോക്കറ്റും അതിന്റെ വിക്ഷേപണവും കാണാൻ ഒരാഗ്രഹം. ഇക്കാര്യം സൂചിപ്പിച്ച് അവർ തിരുവനന്തപുരം സ്പേസ് സെന്ററിലേക്ക് ഇ-മെയിൽ അയച്ചു. കുട്ടികളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മറുപടിയെത്തി. വിക്രം സാരാഭായി സ്പേസ് സെന്റർ തീർഥയെയും കൂട്ടുകാരികളെയും തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയും റോക്കറ്റ് വിക്ഷേപണം നേരിൽക്കാണാൻ അവസരമൊരുക്കുകയും ചെയ്തു.
ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി സ്പേസ് സെന്ററിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ പങ്കെടുക്കാനും സ്കൂളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾക്കായി. കാലാവസ്ഥാ പര്യവേഷണത്തിനായുള്ള ‘റോഷിനി’ റോക്കറ്റ് വിക്ഷേപണത്തിന് വിദ്യാർത്ഥികൾ സാക്ഷ്യം വഹിച്ചു. അധ്യാപകരായ സി അബ്ദുൽ വഹാബ്, പി.കെ മുഷാഹിദ്, കെ.എൻ അബ്ദുൽ ജലീൽ എന്നിവരോടൊപ്പം നിയമസഭാ മന്ദിരവും കുട്ടികൾ സന്ദർശിച്ചു.