കൊക്കയിലേക്കുവീണ കാർ കല്ലിൽ ഉടക്കിനിന്നു; ഒഴിവായത് ദുരന്തം
കൊടിയത്തൂർ : നിയന്ത്രണംവിട്ട കാർ കൊക്കയിലേക്കുവീണെങ്കിലും കല്ലിൽ ഉടക്കി തങ്ങിനിന്നതിനാൽ ഒഴിവായത് വൻദുരന്തം. 100 അടി താഴ്ചയിലേക്ക് വീഴാതെയാണ് കാർ കല്ലിൽ ഉടക്കിനിന്നത്. അഗ്നിരക്ഷാസേനയുടെ സാഹസികമായ നീക്കത്തിലൂടെ ഡ്രൈവർ രക്ഷപ്പെട്ടു. പഴംപറമ്പിലാണ് തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടം. കൂടരഞ്ഞി സ്വദേശി ഷംസുവിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.
കൊണ്ടോട്ടിയിൽ നിന്ന് കൂടരഞ്ഞിയിലേക്ക് വരുമ്പോഴാണ് കാറ് കൊക്കയിലേക്ക് മറിഞ്ഞത്. നാട്ടുകാർ ശംസുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ താഴേക്കുപതിക്കാവുന്ന നിലയിലായിരുന്നു. തുടർന്ന് മുക്കം അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന കാറ് സാഹസികമായി കയറുകൊണ്ട് കെട്ടിനിർത്തി.
ഷംസുവിനെ കാറിൽനിന്ന് മുകളിലേക്ക് വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ കെ. നാസർ, സേനാ അംഗങ്ങളായ കെ.സി. അബ്ദുൾസലീം, എം. സുജിത്ത്, കെ. ഷിംജു, കെ.പി. അമീറുദ്ദീൻ, വി. സലീം, കെ.പി. സ്വാലിഹ്, ഇ. അഭിലാഷ്, ടി.പി. ഫാസിൽ, വി.എം. മിഥുൻ, ടി. രവീന്ദ്രൻ, ജോളി ഫിലിപ്പ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.