പുല്ലൂരാംപാറ ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ഒക്ടോബർ 13ന്
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് കുടുംബാരാഗ്യ കേന്ദത്തിന്റെ ഉപകേന്ദ്രമായ പുനർനിർമിച്ച പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രം ഒക്ടോബർ 13ന് രാവിലെ 10:30ന് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ചടങ്ങിന് അധ്യക്ഷത വഹിക്കും. വർഷങ്ങൾ പഴക്കമുള്ള ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം ജീർണാവസ്ഥയിലായതിനെത്തുടർന്നാണ് പുതുക്കിപ്പണിതത്.
മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും ലിന്റോ ജോസഫ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ചൊവ്വാഴ്ചകളിൽ സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവർക്കുള്ള ക്ലിനിക്, വ്യാഴാഴ്ചകളിൽ ജീവിതശൈലി രോഗനിർണയ ക്ലിനിക്, വൃദ്ധജന ആശ്വാസ ക്ലിനിക്, വെള്ളിയാഴ്ചകളിൽ സ്തീകൾക്കും കുട്ടികൾക്കും കുത്തിവെപ്പ്, ശനിയാഴ്ചകളിൽ ആദിവാസി കോളനികൾ കേന്ദ്രീകരിച്ചുള്ള മെഡിക്കൽ ക്യാമ്പുകൾ എന്നിവയുണ്ടാകും.