Mukkam

മുക്കത്ത് കടന്നൽക്കുത്തേറ്റ് വയോധികയ്ക്ക് ഗുരുതര പരിക്ക്; രക്ഷകരായി അഗ്നിരക്ഷാസേന

മുക്കം: വീടിനു സമീപത്തെ കടന്നൽക്കൂടിളകി ഗുരുതരമായി കടന്നൽ കുത്തേറ്റ് അബോധാവസ്ഥയിലായ എഴുപതുകാരിയെ മുക്കം അഗ്നിരക്ഷാസേന രക്ഷിച്ചു. തൃക്കളയൂർ സ്വദേശി ആശാരിക്കുന്ന് കാരയിൽ ആമിന (70) യെയാണ് വീടിനടുത്ത്‌ വച്ച് കടന്നൽ ആക്രമിച്ചത്. ‌‌‌‌ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കുത്തേറ്റ ആമിന അയൽവാസിയായ അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ യാക്കിപ്പറമ്പൻ ഷറഫുദ്ദീന്റെ വീട്ടിലേക്ക് ഓടിക്കയറി. കടന്നലിനെ അകറ്റാൻ ശ്രമിക്കുന്നതിനിടെ ഷറഫുദ്ധീനും കുത്തേറ്റു.

ഷറഫുദ്ദീൻ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി സ്യൂട്ട് ധരിച്ച്, ചൂട്ട് കത്തിച്ചാണ് കുത്തേറ്റ് അബോധാവസ്ഥയിലായ ആമിനയെ രക്ഷപ്പെടുത്തിയത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. അബ്ദുൽ ഷുക്കൂർ, സേനാംഗങ്ങളായ ഒ അബ്ദുൽ ജലീൽ, പി അഭിലാഷ്, വി സലീം, പി നിയാസ്, കെ.ടി ജയേഷ്, എം.സി സജിത്ത് ലാൽ, എൻ മനോജ്‌ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button