Thiruvambady

തിരുവമ്പാടിയിലെ അനധികൃത ഗ്യാസ് ഗോഡൗൺ; കോടതി സ്റ്റേ നീക്കിയാൽ പൂട്ടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തിരുവമ്പാടി: തിരുവമ്പാടിയിൽ ഗ്രാമപ്പഞ്ചായത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗൺ പൂട്ടാൻ നിലവിലെ കോടതി സ്റ്റേ നീങ്ങുന്നതോടെ നിയമാനുസൃത നടപടി കൈക്കൊള്ളണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. രണ്ടാഴ്ചയ്ക്കകം പൂട്ടി സീൽ ചെയ്ത് വിവരം റിപ്പോർട്ട് ചെയ്യണമെന്ന് 2023 മെയ് മാസത്തിൽ കോഴിക്കോട് സബ് കളക്ടർ വി ചെൽസാസിനി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഉടമ സ്റ്റേ സമ്പാദിച്ചതിനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് നടപ്പാക്കാൻ സാധിച്ചിരുന്നില്ല. കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ഫയർ ആൻഡ് സേഫ്റ്റി അന്തിമ നിരാക്ഷേപ സാക്ഷ്യപത്രം എന്നിവയില്ലാതെ ഹൈസ്കൂൾ റോഡിൽ പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഗോഡൗൺ പൂട്ടാനാനാണ് കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആൻഡ് സബ് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് ഗോഡൗൺ പ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ സൈതലവി ആനടിയിൽ സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് മനുഷ്യാവകാഷ കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവ് നൽകിയിരിക്കുന്നത്. ഹൈക്കോടതിയിൽ സ്റ്റേ നിലനിൽക്കുന്നതിനാൽ വിഷയത്തിൽ കമ്മിഷന് ഇടപെടാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. ഡേറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലം തരംമാറ്റി പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗൺ മാറ്റിസ്ഥാപിക്കണമെന്നാണ് ആവശ്യം. നെൽവയൽ നികത്തലുമായി ബന്ധപ്പെട്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹിയറിങ് നടന്നുവരുകയാണെന്നും പ്രസ്തുത കേസുകളുടെ അന്തിമ തീരുമാനത്തിന് വിധേയമായി തുടർനടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.

ഗ്യാസ് ഗോഡൗൺ പ്രവർത്തിക്കുന്നത് ജനവാസ മേഖലയിലാണെന്ന് തിരുവമ്പാടി വില്ലേജ് ഓഫീസർ കമ്മിഷനെ അറിയിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിൽനിന്നും അന്തിമ നിരാക്ഷേപപത്രവും പഞ്ചായത്തിൽ നിന്ന് കംപ്ലീഷൻ സർട്ടിഫിക്കേറ്റും ഹാജരാക്കാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ടെങ്കിലും ആവശ്യപ്പെട്ട രേഖകൾ ഗോഡൗൺ ഉടമ ഹാജരാക്കിയിട്ടില്ലെന്ന് കളക്ടർ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ കമ്മിഷൻ നേരിൽ കേട്ടു. 2023 മേയ് 25-ന് സബ് കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ ഗ്യാസ് ഗോഡൗൺ പൂട്ടി സീൽചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്ന കാര്യം സെക്രട്ടറി കമ്മിഷൻ മുമ്പാകെ അറിയിച്ചു.

Related Articles

Leave a Reply

Back to top button