ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി മുക്കത്ത് ഒരാൾ പോലീസ് പിടിയിൽ

മുക്കം: ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ മുക്കം പോലീസിന്റെ പിടിയിൽ. മലപ്പുറം മഞ്ചേരി നൂറുകര സ്വദേശി വട്ടപ്പാറ സക്കരിയയെയാണ് ഉല്പന്നങ്ങളുമായി മുക്കം പോലീസ് പിടികൂടിയത്.
മഞ്ചേരിയിൽ നിന്നും മുക്കത്തേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് മുക്കം പോലീസ് നടത്തിയ പരിശോധനയിലാണ് എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ വലിയപറമ്പിൽ വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
ഇയാളുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഉത്പന്നങ്ങൾ മാർക്കറ്റിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുന്നവയാണെന്ന് പോലീസ് പറഞ്ഞു. മുക്കത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ, യുവാക്കൾ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് വിൽപ്പന നടത്താനായി എത്തിച്ചതാണ് എന്നാണ് സൂചന. മുക്കം പോലീസ് സ്റ്റേഷനിലെ എസ്.ഐ മനോജ് കുമാർ, എസ്.ഐ അർഷിത്, സീനിയർ പോലീസ് കോൺസ്റ്റബിൾ അനീസ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്.