തിരുവമ്പാടി മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 26ന്; സംഘാടക സമിതി രൂപീകരിച്ചു
തിരുവമ്പാടി: നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തിരുവമ്പാടി മണ്ഡലതല നവകേരള സദസ്സ് നവംബർ 26ന് രാവിലെ 11 മണിക്ക് മുക്കം ഓർഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ചെയർമാനാനും നോഡൽ ഓഫീസറായ ജി വിശ്വപ്രകാശ് ജനറൽ കൺവീനറുമായ 1,501 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. വിവിധ മേഖലകളിലെ പ്രമുഖർ വൈസ് ചെയർമാൻമാരും ജോയിൻ കൺവീനർമാരുമാണ്. 15 ഉപസമിതികളും രൂപീകരിച്ചു. രൂപീകരണ യോഗത്തിന് ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് താലൂക്ക് കാർഷിക ബാങ്ക് പ്രസിഡന്റ് ടി വിശ്വനാഥൻ വിശദീകരണം നടത്തി. യോഗത്തിൽ മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബു, വൈസ് ചെയർപേഴ്സൺ കെ.പി ചാന്ദിനി, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.