റോഡരികിൽ മാലിന്യം തള്ളിയതിന് 30000 രൂപ പിഴ ഇടാക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾപ്പെടുന്ന കൂന്തളം തേര് പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി ടിപ്പറിൽ കൊണ്ടുവന്നു മാലിന്യം തള്ളിയിരുന്നു. പ്രദേശവാസികളുടെയും വാർഡ് മെമ്പറുടെയും പരാതി ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി. പ്രദേശവാസികളുടെ സഹകരണത്തോടെ നടന്ന തിരച്ചിലിൽ മാലിന്യത്തിന്റെ ഉടമകളുടെ പേരും അഡ്രസ്സും ലഭിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കല്ലാച്ചിയിലെ ഒരു അപ്പാർട്ട്മെന്റിലെ മാലിന്യമാണ് എന്ന് മനസ്സിലാക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, ജൂനിയർ സൂപ്രണ്ട് ബ്രിജേഷ് കുമാർ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം കൊണ്ട് തള്ളിയ ടിപ്പറിന്റെ നമ്പർ ലഭ്യമാക്കുകയും പോലീസിൽ കേസ് ഫയൽ ചെയ്യുകയും പഞ്ചായത്ത് രാജ് ആക്ട് 219 പ്രകാരം മാലിന്യവും മറ്റു വിസർജ്യ വസ്തുക്കളും കൊണ്ട് തള്ളിയ വാഹനം സി.സി ചെയ്യുകയും ചെയ്തു. തുടർന്ന് മാലിന്യം തള്ളിയ ആളുകളെ കൊണ്ട് തന്നെ മുഴുവൻ മാലിന്യങ്ങളും തിരിച്ചെടുപ്പിക്കുകയും അജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന അംഗീകൃത ഏജൻസികൾക്ക് കൈമാറുകയും ചെയ്തു.
പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് 25000 രൂപ വാഹന ഉടമയുടെ കയ്യിൽ നിന്നും 5000 രൂപ വീട് ഉടമസ്ഥനിൽ നിന്നും പിഴയായി ഈടാക്കി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വഴിയോരങ്ങളിലോ മറ്റു പൊതുവിടങ്ങളിലോ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കശമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് തക്കതായ പാരിതോഷികം നൽകുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.