കൊയ്ത്തുത്സവവും പുസ്തകപ്രകാശനവും നടത്തി
മുക്കം: കുറ്റിപ്പാല സ്വദേശി കുളമുള്ളകണ്ടിയിൽ ധ്രുവൻ ഒരേക്കറോളം സ്ഥലത്ത് ഇറക്കിയ നെൽക്കൃഷിയുടെ വിളവെടുപ്പ് മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. വി.ആർ സുധീഷിന്റെ ‘സ്വാതന്ത്ര്യത്തിന് വയസ്സാകുന്നു’ എന്ന പുസ്തകം എഴുത്തുകാരിയും അധ്യാപികയുമായ അജിത മേനോന് നൽകി പ്രൊഫ.ഹമീദ് ചേന്ദമംഗല്ലൂർ പ്രകാശനം ചെയ്തു.
ധ്രുവൻ വർഷങ്ങളായി കരനെൽക്കൃഷി ചെയ്യുന്നുണ്ട്. 120 ദിവസംകൊണ്ട് വിളവെടുക്കാൻ കഴിയുന്ന ഉമ ഇനത്തിൽപ്പെട്ട വിത്താണ് ഇത്തവണ ഇറക്കിയത്. പ്രതീക്ഷിച്ചതിലും മികച്ച വിളവു ലഭിച്ചതായി ധ്രുവൻ പറഞ്ഞു. കരനെൽക്കൃഷിക്കൊപ്പം കൈപ്പ, വെണ്ട ഉൾപ്പെടെയുള്ള പച്ചക്കറികളും കൃഷിചെയ്തിരുന്നു.
മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെടുകയും രാഷ്ട്രപതിയുടെ പുരസ്കാരം നേടുകയുംചെയ്ത കോടഞ്ചേരി സ്വദേശി ജോൺ ജോസഫിനെ സംസ്ഥാന അഗ്രോ ഇൻഡസ്ട്രിയൽ ചെയർമാൻ വി കുഞ്ഞാലി പൊന്നാടയണിയിച്ച് ആദരിച്ചു. ലിന്റോ ജോസഫ് എം.എൽ.എ, മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ കെ.പി ചാന്ദ്നി, കൗൺസിലർ അശ്വനി സനൂജ്, മുക്കം കൃഷി ഓഫീസർ ടിൻസി, കാഞ്ചനമാല, ബി.പി റഷീദ്, സലാം കാരമൂല, എഴുത്തുകാരി ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.