പുതുപ്പാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കിച്ചൻ കം ഡൈനിങ് റൂം ഉദ്ഘാടനം ചെയ്തു
പുതുപ്പാടി: പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കിച്ചൻ കം ഡൈനിങ് റൂം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 14 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 50 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനങ്ങനങ്ങളോട് കൂടിയാണ് കിച്ചൻ കം ഡൈനിങ് റൂം ക്രമീകരിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഒതയോത്ത് അഷറഫ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ അമൽരാജ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ്, സ്കൂൾ വികസന സമിതി വർക്കിംഗ് ചെയർമാൻ ബിജു വാച്ചാലിൽ, കെ ശശീന്ദ്രൻ, കെ.കെ ഹംസ, മമ്മി മണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.
സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാവശ്യപ്പെട്ടുകൊണ്ടുളള നിവേദനം പ്രധാന അധ്യാപകൻ ഇ ശ്യാംകുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് എന്നിവർ ചേർന്ന് സ്കൂൾ
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം നിർവഹിച്ചു.