പുല്ലൂരാംപാറയിൽ കായികപ്രതിഭകൾക്ക് ആദരവ് നൽകി
തിരുവമ്പാടി: സംസ്ഥാന, ജില്ലാ, ഉപജില്ലാ കായികമേളയിൽ മികച്ച നേട്ടം കൈവരിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കായിക താരങ്ങളെയും പരിശീലകരെയും സ്കൂൾ മാനേജ്‌മെന്റ് ആദരിച്ചു. സംസ്ഥാന കായികമേളയിൽ മൂന്ന് സ്വർണം ഉൾപ്പെടെ 18 സ്കോർ കരസ്ഥമാക്കി സംസ്ഥാനത്തെ ഏറ്റവും മികച്ച 10 സ്കൂളുകളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. മലബാർ സ്പോർട്‌സ് അക്കാദമിയുടെ മികവിലാണ് കുട്ടികൾ ശ്രദ്ധേയ വിജയങ്ങൾ കരസ്ഥമാക്കിയത്.
മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉപഹാരം സമ്മാനിച്ചു. സ്പോർട്‌സ് അക്കാദമി പരിശീലകരായ ജീസ് കുമാർ, ധനൂപ് ഗോപി, മനോജ് ചെറിയാൻ, ആഷിക്, പ്രിൻസിപ്പൽ കെ.ജെ ആന്റണി, പ്രധാനാധ്യാപകരായ ജോളി ജോസഫ് ഉണ്ണിയെപ്പിള്ളിൽ, സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റുമാരായ വിൽസൺ മാത്യു താഴത്തുപറമ്പിൽ, സിജോ മാളോല, ബീനാ പോൾ, ജോളി തോമസ് തുടങ്ങിയവർ സംസാരിച്ചു.