കോഴിക്കോട് ജില്ലാ സ്പെഷ്യൽ കലോത്സവം; ശാന്തിസദനം സ്പെഷ്യൽ സ്കൂൾ ജേതാക്കൾ
മുക്കം: കോഴിക്കോട് ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ശാന്തിസദനം സ്പെഷ്യൽ സ്കൂൾ പുറക്കാട് ജേതാക്കളായി. അഭയം സ്പെഷ്യൽ സ്കൂൾ ചേമഞ്ചേരിക്കാണ് രണ്ടാം സ്ഥാനം. ജില്ലയിലെ 27 സ്കൂളുകളിൽ നിന്നായി മുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു. ഒമ്പത് ഇനങ്ങളിലുള്ള മത്സരങ്ങൾ മൂന്നു വേദിയിലായാണ് നടന്നത്. സ്പെഷ്യൽ സ്കൂളുകൾക്കു പുറമെ സാധാരണ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികളും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലാണ് പങ്കെടുക്കുന്നത്.
ഈ വിഭാഗത്തിൽ ഒന്പത് സ്കൂളുകളിൽ നിന്നായി 20 വിദ്യാർഥികളും മത്സരത്തിനെത്തിയിരുന്നു. മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബുവിന്റെ അധ്യക്ഷതയിൽ വിജയികൾക്ക് ലിന്റോ ജോസഫ് എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു. പിഎംടി.എ പ്രസിഡന്റ് അസീസ് മലയമ്മ, കൊറ്റങ്ങൽ സുരേഷ് ബാബു, എ.എം ജമീല, കെ. വിജയൻ, എ.ഇ.ഒ ടി ദീപ്തി, പ്രധാനാധ്യാപിക ഫാത്തിമ സെൽവ തുടങ്ങിയവർ സംസാരിച്ചു.