പുതു സംരംഭങ്ങളുമായി എൻ.ഐ.ടിയിലെ വിദ്യാർഥികൾ
മുക്കം: പഠനത്തിനൊപ്പം സംരംഭകത്വത്തിലും ചുവടുറപ്പിച്ച് കാലിക്കറ്റ് എൻ.ഐ.ടിയിലെ വിദ്യാർഥികൾ. ലെവ് യുഗ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റേമിത്ര ഗേറ്റ് വേ പ്രൈവറ്റ് ലിമിറ്റഡ് എന്നീ പേരുകളിൽ രണ്ടു സംരംഭങ്ങളാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ചത്. സ്റ്റേമിത്ര യാത്രികർക്ക് വൈവിധ്യമാർന്ന യാത്രാസേവനങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ, യുവ സംരംഭകർക്കാവശ്യമായ സ്രോതസ്സുകളും അവശ്യവിവരങ്ങളും ഒരൊറ്റ ആപ്പിൽ നൽകാനാണ് ലെവ് യുഗ് ലക്ഷ്യമിടുന്നത്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷന്റെ (എ.ഐ.സി.ടി.ഇ) ദേശീയ വിദ്യാർഥി സ്റ്റാർട്ട് അപ് നയം, ദേശീയ വിദ്യാഭ്യാസ നയം എന്നിവയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് എൻ.ഐ.ടി കാമ്പസിൽ സ്റ്റാർട്ടപ്പുകൾ പ്രവർത്തനം ആരംഭിച്ചത്. സംരംഭകത്വത്തിലേക്ക് കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാൻ പുതിയ സംരംഭങ്ങൾക്ക് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മൂന്ന് സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകൾകൂടി ഉടൻ പ്രവർത്തനമാരംഭിക്കും.
സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പഠനത്തിനിടയിൽ രണ്ടുവർഷത്തെ ഇടവേള അനുവദിക്കുന്നതിനാൽ സംരംഭകയാത്രയിൽ കൂടുതൽപ്പേർ ചേർന്നേക്കും. ഒട്ടേറെ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യാൻ കഴിവുള്ള സംരംഭകരാകാൻ വിദ്യാർഥികൾ മുന്നോട്ടുവരുന്നത് നല്ലപ്രവണതയാണെന്ന് എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. സെന്റർ ഫോർ ഇന്നവേഷൻ, ഓൺട്രപ്രണർഷിപ്പ് ആൻഡ് ഇൻകുബേഷൻ (സി.ഐ.ഇ.ഐ), ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ടി.ബി.ഐ) എന്നിവയുടെ പിന്തുണയോടെയാണ് വിദ്യാർഥികൾ സ്റ്റാർട്ടപ്പുകൾ ആരംഭിച്ചത്. വെബ്‌സൈറ്റും ഓൺലൈൻ പ്ലാറ്റ്‌ഫോമും എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. സി.ഐ.ഇ.ഐ ചെയർമാർ ഡോ.എസ് അശോക്, ടി.ബി.ഐ സി.ഇ.ഒ ഡോ.എം പ്രീതി, അക്കാദമിക് വിഭാഗം ഡീൻ പ്രൊഫ. എസ്.എം സമീർ, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ സംസാരിച്ചു.