Thiruvambady

പ്രവൃത്തി എങ്ങുമെത്താതെ തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ

തിരുവമ്പാടി: വർഷങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി എങ്ങുമെത്താതെ തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു വാങ്ങിയ സ്ഥലം അനാഥമായി കിടക്കുകയാണ്. മന്ത്രി പ്രവ‍ൃത്തി ഉദ്ഘാടനം നടത്തിയ സബ് ഡിപ്പോ കം ബസ് സ്റ്റാൻഡ് ഇപ്പോഴും ശിലാഫലകത്തിൽ ഒതുങ്ങിക്കഴിയുന്നു. മലയോര ജനതയുടെ യാത്രാ ക്ലേശങ്ങൾക്കു പരിഹാരം എന്ന നിലയിലാണ് 2010ൽ തിരുവമ്പാടി കെ.എസ്.ആർ‌.ടി.സി സബ് ഡിപ്പോ അനുവദിച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവീസ് നടത്തിയിരുന്ന ആനക്കാംപൊയിൽ, കൊടക്കാട്ടുപാറ, മുത്തപ്പൻപുഴ, കരിമ്പ് , പൂവാറൻതോട്, കക്കാടംപൊയിൽ, വാളന്തോട് പ്രദേശത്തെ ജനങ്ങൾക്ക് വലിയ പ്രതീക്ഷയും ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസവും ആയിരുന്നു സബ് ഡിപ്പോ പ്രഖ്യാപനം.

നേരത്തേ 31 ഷെഡ്യൂൾ ഉണ്ടായിരുന്ന തിരുവമ്പാടി സബ് ഡിപ്പോയിൽ ഇപ്പോൾ 28 ഷെഡ്യൂൾ ആണ് ഉള്ളത്. ദീർഘദൂര സർവീസുകളായ മൂന്നാർ, ഈരാറ്റുപേട്ട, കോട്ടയം എന്നിവ നിർത്തി. കെ.എസ്.ആർ‌.ടി.സി സബ് ഡിപ്പോ ഓഫിസും ഗാരിജും പ്രവർത്തിക്കുന്നത് തിരുവമ്പാടി പഞ്ചായത്ത് ബസ് സ്റ്റാൻഡ്, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്, പഞ്ചായത്ത് സാംസ്കാരിക നിലയം, സ്വകാര്യ വ്യക്തിയുടെ സ്ഥലം എന്നിവിടങ്ങളിലായാണ്. 2011ലാണ് കറ്റ്യാട് 1.75 ഏക്കർ സ്ഥലം 40 ലക്ഷം രൂപയ്ക്ക് പഞ്ചായത്ത് വാങ്ങിയത്. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ താമസം വന്നപ്പോൾ തിരുവമ്പാടി വ്യാപാരി ഏകോപന സമിതി 40 ലക്ഷം രൂപ വായ്പ നൽകി സ്ഥലം വാങ്ങുകയും പിന്നീട് 2015ൽ ഈ തുക പഞ്ചായത്ത് മടക്കി നൽകുകയും ചെയ്തു. സി മോയിൻകുട്ടി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 1 കോടി രൂപ ഡിപ്പോ നിർമാണത്തിനു അനുവദിച്ചു. എന്നാൽ വാങ്ങിയ സ്ഥലം വയൽ ആയതിനാൽ ഈ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടി വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രദേശം മണ്ണിട്ട് നികത്തി. സ്ഥലത്ത് കെട്ടിടം നിർമിക്കണമെങ്കിൽ ഭൂമി തരം മാറ്റണമെന്നതാണ് നിലവിൽ നേരിടുന്ന പ്രതിസന്ധി.

Related Articles

Leave a Reply

Back to top button