കുപ്പായക്കോട് – ഈങ്ങാപ്പുഴ റോഡ് അറ്റകുറ്റപ്പണി ഉടൻ തുടങ്ങാൻ ധാരണയായി

കോടഞ്ചേരി : അനിശ്ചിതമായി നീണ്ടുപോയ കുപ്പായക്കോട്- ഈങ്ങാപ്പുഴറോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങാൻ ധാരണയായി. കുപ്പായക്കോട് പാലത്തിനടുത്ത് റോഡ് കരിങ്കൽക്കെട്ട് ഇടിഞ്ഞ ഭാഗം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സന്ദർശിക്കും. അറ്റകുറ്റപ്പണികൾക്ക് തടസ്സമില്ലെങ്കിൽ ബുധനാഴ്ചതന്നെ പണി ആരംഭിക്കാൻ നിർദേശംനൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു.
കുപ്പായക്കോട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. 50 മീറ്ററോളം ദൈർഘ്യത്തിൽ റോഡിന്റെ കരിങ്കൽക്കെട്ട് ഇടിഞ്ഞ് അരികിലുള്ള തോട്ടിൽവീണിരുന്നു. ഗതാഗതം പുനഃസ്ഥാപിക്കാൻ അറ്റകുറ്റപ്പണി പിറ്റേദിവസം തുടങ്ങിയെങ്കിലും മഴമൂലം പണി നിർത്തിവെക്കേണ്ടിവന്നു. തോട്ടിലൂടെ ഒഴുകുന്ന വെള്ളം, ഇടിഞ്ഞ ഭാഗത്തിന് സമീപത്തുനിന്ന് തിരിച്ചുവിട്ട് വെള്ളക്കെട്ട് ഒഴിവാക്കിത്തരാമെന്ന് ചർച്ചനടത്തിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉറപ്പുനൽകി. ഇതിനെത്തുടർന്നാണ് അറ്റകുറ്റപ്പണി തുടങ്ങുന്നത്.
മന്ത്രി ഉദ്ഘാടനംചെയ്ത് മാസങ്ങൾക്കുള്ളിലാണ് റോഡ് ഇടിഞ്ഞത്. വഴിതെറ്റിവന്ന ലോറി കുടുങ്ങി മറുവശത്തും കെട്ട് ഇടിഞ്ഞതോടെ ഗതാഗതംപൂർണമായി തടസ്സപ്പെട്ടു. ബസുകൾ കുപ്പായക്കോട് പാലത്തിന് അക്കരെയിക്കര ആളെയിറക്കി സർവീസ് നടത്തേണ്ടിവന്നു. പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറ്ുകിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 2019-ലാണ് നിർമാണംതുടങ്ങിയത്.
കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാതിരുന്ന ആദ്യ കരാറുകാരനെ ഒഴിവാക്കുകയും വീണ്ടും ടെൻഡർനൽകുകയും ചെയ്തത് കാലതാമസത്തിനിടയാക്കി. നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ചും ഏറെ പരാതികൾ ഉയർന്നു. മണ്ഡലം പ്രസിഡന്റ് രാജേഷ് ജോസ്, സന്തോഷ് മാളിയേക്കൽ ദേവസ്യ ചൊള്ളാമഠം, വാർഡ് മെമ്പർമാരായ ഷിൻജോ തൈക്കൽ, മോളി ആന്റോ, അമൽരാജ് എന്നിവരാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്.