പുഴപുറമ്പോക്ക് കൈയേറിയെന്ന് പരാതി; വില്ലേജ് ജനകീയസമിതി സ്ഥലം സന്ദർശിച്ചു

പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ എലോക്കര വാർഡിൽപെട്ട സൗത്ത് ഈങ്ങാപ്പുഴ പ്രദേശത്ത് പുഴപുറമ്പോക്ക് കൈയേറിയതായി പരാതി. വർഷകാലത്ത് വെള്ളപ്പൊക്കത്തിന് സാഹചര്യമൊരുക്കുന്നതരത്തിൽ സ്വകാര്യവ്യക്തികൾ പുഴയോരത്തെ സ്ഥലം കൈയേറിയെന്നുകാണിച്ച് ആർ.എം.പി.ഐ. ഈങ്ങാപ്പുഴ ലോക്കൽ കമ്മിറ്റി വില്ലേജ് ഓഫീസർക്ക് പരാതിനൽകി.
വില്ലേജ് ജനകീയ സമിതിയോഗം വിഷയം ചർച്ചചെയ്യുകയും ഈങ്ങാപ്പുഴ വില്ലേജ് ഓഫീസർ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ സമിതി അംഗങ്ങൾ സ്ഥലത്ത് പരിശോധനനടത്തുകയും ചെയ്തു. പരാതിയും സ്വകാര്യവ്യക്തികളുടെ വിശദീകരണവും പരിശോധിച്ച് സംഭവത്തിൽ താലൂക്ക് ഓഫീസിൽ റിപ്പോർട്ട് നൽകിയതായി വില്ലേജ് ഓഫീസർ അറിയിച്ചു.
സ്വകാര്യവ്യക്തികളുടെ കൈയേറ്റവും റോഡ് വെട്ടും അടിയന്തരമായി തടഞ്ഞ് പുഴപുറമ്പോക്ക് സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് വില്ലേജ് ജനകീയസമിതി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുട്ടിയമ്മ മാണി അധ്യക്ഷയായി. വില്ലേജ് ഓഫീസർ അബ്ദുൾ ഗഫൂർ, വാർഡ് മെമ്പർ ശ്രീജ ബിജു, സമിതി അംഗങ്ങളായ കെ. ദാമോദരൻ, നവാസ് പ്ലാപ്പറ്റ, പി.എം. രാജൻ, യൂസഫ് പുതുപ്പാടി എന്നിവർ സംസാരിച്ചു.