വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച ആഗ്നയാമിക്ക് സ്വീകരണം നൽകി

കോടഞ്ചേരി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആഗ്നയാമിക്ക് സ്കൂളിൽ സ്വീകരണം നൽകി. പി.ടി.എയുടെയും എസ്.എസ്.ജിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ‘വർണപ്പട്ടം’ എന്ന കവിതാ സമാഹാരം രചിച്ച് രചനാലോകത്ത് പ്രശസ്തയായിക്കൊണ്ടിരിക്കുന്ന അഞ്ചുവയസ്സുകാരി അഗ്നയാമിക്ക് കഴിഞ്ഞദിവസമാണ് ലോക അംഗീകാരം ലഭിച്ചത്.
ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സ് എന്നീ അംഗീകാരങ്ങളും ആഗ്നയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വീകരണ സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുൾ നാസർ മുഖ്യാതിഥിയായി. മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, ഓമശ്ശേരി പഞ്ചായത്തംഗങ്ങളായ പി.കെ ഗംഗാധരൻ, സി.എ അയിഷ, ഇ.ജെ തങ്കച്ചൻ, സെബാസ്റ്റ്യൻ തോമസ്, തോമസ് ജോൺ തുടങ്ങിയവർ സംസാരിച്ചു.