കൈതപ്പൊയിൽ -അഗസ്‌ത്യൻമൂഴി റോഡ്; കോടഞ്ചേരി ഭാഗത്ത് ടാറിങ് നടത്തി
കോടഞ്ചേരി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കൈതപ്പൊയിൽ-അഗസ്ത്യൻ മൂഴി റോഡിൽ കോടഞ്ചേരി ഭാഗത്ത് ടാറിങ് പൂർത്തിയാവുന്നു. കോടഞ്ചേരി പഞ്ചായത്ത് പരിധിയിൽ മുറംമ്പാത്തി മുതൽ കോടഞ്ചേരി ടൗൺ വരെയുള്ള ഭാഗങ്ങളിലാണ് ആദ്യഘട്ട ഡിബിഎം ടാറിങ് നടന്നത്. കോടഞ്ചേരി-തമ്പലമണ്ണ -തിരുവമ്പാടി റോഡിൽ കോടഞ്ചേരി പഞ്ചായത്ത് ഓഫിസിനു മുൻ ഭാഗത്തും കുരുവൻപ്ലാക്കൽ പടിയിലും മുറമ്പാത്തി കയറ്റത്തിലും ചെറിയ ഭാഗം ടാറിങ് ഇനി ചെയ്യാനുള്ളത്.
കഴിഞ്ഞ ആറ് വർഷമായി ഈ റോഡ് നിർമാണം മൂലം ജനം യാത്രാദുരിതം അനുഭവിക്കുകയാണ്. ബസ് സർവീസ് ഉണ്ടായിരുന്ന ഈ റോഡ് കഴിഞ്ഞ ആറ് വർഷമായി റോഡ് നിർമാണത്തിൻ്റെ ഭാഗമായി കുത്തിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നു. റോഡ് പണി മുടങ്ങി കിടന്നത് മൂലം മുറമ്പാത്തി അങ്ങാടിയിലെ കച്ചവടസ്ഥാപനങ്ങൾക്കും നാട്ടുകാർക്കും ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നു.
റോഡ് നിർമാണത്തിന് ആദ്യം കരാർ ഏറ്റെടുത്ത നാഥ് കൺസ്ട്രക്‌ഷൻ കമ്പനി നിർമാണ പണി കാലാവധിക്കുള്ളിൽ പൂർത്തിയാക്കാത്തതിനാൽ നാഥ് കൺസ്ട്രക്ഷൻ കമ്പനിയെ പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്യുകയും വീണ്ടും റീടെൻഡർ വിളിച്ച് പുതിയ കരാറുകാരനെ ഏൽപിച്ചാണ് ഇപ്പോൾ റോഡ് പണി നടക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് പുതിയ കരാർ നൽകിയിട്ടുള്ളത്.