കർഷകന്റെ മുഖ്യ ശത്രു വനം വകുപ്പ്; ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
തിരുവമ്പാടി: കർഷകന്റെ മുഖ്യ ശത്രു വനം വകുപ്പ് എന്ന നിലയിലാണ് കേരളത്തിലെ കാര്യങ്ങൾ മാറുന്നതെന്ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അതിജീവന യാത്രയുടെ താമരശ്ശേരി രൂപതാ ല സ്വീകരണയോഗം തിരുവമ്പാടിയിൽ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകരുടെ ജീവൻ വന്യമൃഗങ്ങൾ എടുക്കുമ്പോൾ സർക്കാർ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും വണ്ടിച്ചെക്കായി നൽകി ദ്രോഹിക്കുന്ന നയമാണ് ഭരണകർത്താക്കൾ സ്വീകരിക്കുന്നത്. കർഷകന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് വനം വകുപ്പ് ചെയ്യുന്നത്. വന്യ മൃഗശല്യത്തെക്കുറിച്ച് പരാതിപ്പെടുന്ന കർഷകരോട് മൃഗങ്ങളോട് കാണിക്കുന്ന പരിഗണന പോലും ഉദ്യോഗസ്ഥർ കാണിക്കുന്നില്ല.
കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കൃഷി വകുപ്പിനും കൃഷി ശാസ്ത്രഞ്ജർക്കും സാധിക്കുന്നില്ല. ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത് കുത്തകകൾ വിദേശങ്ങളിലേക്ക് രക്ഷപ്പെടുമ്പോൾ കർഷകരെ വായ്പയുടെ പേരിൽ ജപ്തി ചെയ്തു പെരുവഴിയിൽ ആക്കുകയാണ് അധികൃതർ ചെയ്യുന്നത് .ജാതി- സമുദായ വ്യത്യാസമില്ലാതെ കർഷകർ ഒരുമിച്ച് നിന്ന് ഈ വിവേചനങ്ങൾക്കെതിരെ പോരാടണം. കർഷകരെ സഹായിക്കാത്ത പ്രസ്ഥാനങ്ങളെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കർഷകർ ഉണരണം എന്നും ബിഷപ് സൂചിപ്പിച്ചു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം നയിക്കുന്ന അതിജീവന യാത്രയ്ക്ക് തിരുവമ്പാടിയിൽ പ്രൗഢോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത റാലിക്ക് ശേഷമാണ് പൊതുസമ്മേളനം നടത്തി.
താമരശ്ശേരി രൂപത പ്രസിഡണ്ട് ഡോ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ബിജു പറയന്നിലം ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, രൂപത ഡയറക്ടർ ഫാ.മാത്യു തൂമുള്ളിൽ, തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ , രൂപത ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ , ബെന്നി പുളിക്കേക്കര, ഷാജി കണ്ടത്തിൽ, പ്രിൻസ് തിനംപറമ്പിൽ , ജോസഫ് പുലക്കുടിയിൽ, ബെന്നി കിഴക്കേപറമ്പിൽ .രാജീവ് കൊച്ചുപറമ്പിൽ , ജോസുകുട്ടി ഒഴുകയിൽ, ജോർജ് കോയിക്കൽ , ട്രീസ ഞരളക്കാട്ട് എന്നിവർ പ്രസംഗിച്ചു.