കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ കൂദാശ കർമ്മം 26ന്
കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്‍റെ കൂദാശ കർമ്മം 26ന് ഉച്ചകഴിഞ്ഞ് 2.30 ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കും. രൂപതാ വികാരി ജനറൽ ഏബ്രഹാം വയലിൽ, മുൻ വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ എന്നിവർ സഹകാർമ്മികരായി ചടങ്ങിൽ പങ്കെടുക്കും.
താമരശേരി രൂപതയുടെ കീഴിലുള്ള സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയം 1948 നവംബറിൽ ഒരു താൽക്കാലിക ഷെഡിൽ ആരംഭിച്ചതാണെങ്കിലും, 1953 ൽ ശക്തമായ കാറ്റും മഴയും മൂലം പള്ളിയുടെ താത്ക്കാലിക ഷെഡ് തകർന്നു. തുടർന്ന് നിർമ്മിച്ച പള്ളി 1956 ഏപ്രിൽ 25 ന് വിശ്വാസികൾക്ക് തുറന്നു നൽകുകയുമായിരുന്നു. പിന്നീട് 62 വർഷത്തിനുശേഷം കാലപ്പഴക്കത്താൽ പള്ളി പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ഇപ്പോഴത്തെ വികാരി ഫാ. റോയി തേക്കുംകാട്ടിലിന്‍റെ നേതൃത്വത്തിൽ 2018 മാർച്ച് 19 ന് രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനയിൽ തറക്കല്ലിട്ടു പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തതാണെന്ന് സംഘാടകർ മുക്കത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പള്ളിയുടെ കൂദാശ കർമ്മം നടക്കുന്ന ഡിസംബർ 26 മുതൽ പ്രധാന തിരുനാൾ ദിനമായ 2024 ജനുവരി 20 വരെ കൂദാശാകർമ്മത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്നും, ഇടവക തിരുനാൾ 2024 ജനുവരി 18,19, 20 ദിവസങ്ങളിൽ വൻ ആഘോഷമാക്കി നടത്തുമെന്നും സംഘാടകർ അറിയിച്ചു.