മഹാപ്രളയത്തിൽ തകർന്ന പനച്ചിക്കൽ കടവ് പാലം: ആക്‌ഷൻ കമ്മിറ്റി രംഗത്ത്
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി പനച്ചിക്കൽ കടവ് നടപ്പാലം ഉടൻ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്‌ഷൻകമ്മിറ്റി രൂപവത്കരിച്ചു. 2018-ലെ മഹാപ്രളയത്തിലാണ് നേതാജി റോഡിലെ പാലം ഭാഗികമായി തകരുന്നത്. പാലത്തിന്റെ കൈവരികളും അടിഭാഗവുമെല്ലാം പ്രളയത്തിൽ തകർന്ന് സുരക്ഷിതത്വ ഭീഷണിയിലാണ്.
പൊന്നാങ്കയത്തുനിന്നും പള്ളിപ്പടിയിലേക്ക് എളുപ്പം എത്താനുതകുന്ന നടപ്പാലം തകർന്നത് ഒട്ടേറെ കുടുംബങ്ങളെയാണ് ദുരിതത്തിലാക്കിയത്. വിവിധ സ്കൂളുകൾ, ആരാധനാലയങ്ങൾ, പോസ്റ്റ് ഓഫീസ്, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്കെത്തിപ്പെടാൻ പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്.
ആക്‌ഷൻകമ്മിറ്റി യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ്് പി. ടി. അഗസ്റ്റ്യൻ അധ്യക്ഷനായി. ബേബി മണ്ണൻപ്ലാക്കൽ, ഷിജു ചെമ്പനാനി, റോയി ഓണാട്ട്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷൈനി ബെന്നി, രാധാമണി ദാസൻ എന്നിവർ സംസാരിച്ചു. വിൽസൻ താഴത്തുപറമ്പിൽ (കൺ.), റോയി ഓണാട്ട് (ചെയർ.), ബേബി മണ്ണൻപ്ലാക്കൽ (ട്രഷ.), ഷിജു ചെമ്പനാനി (ജോ-കൺ.), പി.ടി. അഗസ്റ്റിൻ (വൈസ്. ചെയർ.) എന്നിവരെ ഭാരവാഹികളായും സണ്ണി കന്നുകുഴി, ജിജീഷ് തൈക്കാട്ട്, ജോൺസൺ വെട്ടിക്കാട്ട്, പി. ബാബു എന്നിവരെ കമ്മിറ്റിയംഗങ്ങളായും ലിന്റോ ജോസഫ് എം.എൽ.എ. യെയും പഞ്ചായത്ത് ഭരണസമിതിയംഗങ്ങളെയും രക്ഷാധികാരികളായും തിരഞ്ഞെടുത്തു.