Koodaranji

കൂമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു; കെ.എസ്.ഇ.ബി നടപ്പാക്കുന്നത് രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ; മന്ത്രി കെ കൃഷ്ണൻകുട്ടി

കൂടരഞ്ഞി: രാജ്യത്തെ വെെദ്യുതി മേഖലക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് കേരള വൈദ്യുതി ബോർഡ് നടപ്പാക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കൂമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി കമ്പികൾ പൊട്ടിവീണ് അപകടങ്ങൾ ഒഴിവാക്കുന്നതിനും തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനും ഉൾപ്പടെ മൂന്ന് ലക്ഷം കിലോമീറ്റർ ലൈനുകളിൽ ഫീസറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഘട്ടം ഘട്ടമായി നടപ്പിലാക്കുകയാണ്. മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് കെ.എസ്.ഇ.ബി നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൂവാറൻ തോട്, കൂടരഞ്ഞി, കൂമ്പാറ, മരഞ്ചാട്ടി, തോട്ടക്കാട് പീടികപ്പാറ, കക്കാടംപൊയിൽ, തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് കൂമ്പാറയിൽ സെക്ഷൻ ഓഫീസ് സ്ഥാപിച്ചത്. പ്രദേശവാസികളുടെ ഏറെനാളത്തെ ആവശ്യമായിരുന്നു ഇത്. വളരെ വിസ്തൃതിയുണ്ടായിരുന്ന തിരുവമ്പാടി സെക്ഷൻ ഓഫീസിൽ നിന്നും യഥാസമയം അറ്റകുറ്റപ്പണികൾക്കായി മലയോര പ്രദേശങ്ങളിലേക്ക് ജീവനക്കാർക്ക് എത്തിപ്പെടാനുള്ള പ്രയാസം പുതിയ സെക്ഷൻ ഓഫീസ് വരുന്നതോടെ പരിഹാരമാവും.

ചടങ്ങിൽ ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, മെമ്പർമാരായ ബിന്ദു ജയൻ, സുരേഷ് ബാബു, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.ഇ.ബി ഡയറക്ടർ പി സുരേന്ദ്ര സ്വാഗതവും എ കെ മണികണ്ഠൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button