ഗോഡ്സെ പ്രകീർത്തനം: അധ്യാപികയെ സംരക്ഷിച്ചാൽ ഡയറക്ടറെ തെരുവിൽ തടയും; എസ്.എഫ്.ഐ.
മുക്കം : ഗോഡ്സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട എൻ.ഐ.ടി. അധ്യാപിക ഷൈജ ആണ്ടവനെ സംരക്ഷിച്ചാൽ ഡയറക്ടർ പ്രസാദ് കൃഷ്ണയെ തെരുവിൽ തടയുമെന്ന് എസ്.എഫ്.ഐ. സംസ്ഥാനപ്രസിഡൻറ് കെ. അനുശ്രീ. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഐ.ടി.യിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നതായും ഗാന്ധിവധത്തിനുശേഷം നിരോധിക്കപ്പെട്ട ആർ.എസ്.എസ്. രാജ്യം ഭരിക്കുമ്പോൾ ചരിത്രം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അനുശ്രീ കൂട്ടിച്ചേർത്തു.
എസ്.എഫ്.ഐ. ജില്ലാപ്രസിഡൻറ് താജുദ്ദീൻ അധ്യക്ഷനായി. കെട്ടാങ്ങലിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് എൻ.ഐ.ടി. കവാടത്തിനുസമീപം പോലീസ് തടഞ്ഞു. സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.വി. അനുരാഗ്, ജാൻവി കെ. സത്യൻ, കെ. മിഥുൻ, ടി.എം. അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.