ഗോഡ്സെ പ്രകീർത്തനം: എൻ.ഐ.ടി.ക്ക് മുന്നിൽ വന്‍പ്രതിഷേധം
മുക്കം : ഗോഡ്സെയെ പ്രകീർത്തിച്ച എൻ.ഐ.ടി. അധ്യാപിക ഷൈജ ആണ്ടവനെതിരേ നടപടി ആവശ്യപ്പെട്ട് യുവജനസംഘടനകൾ നടത്തിയ പ്രതിഷേധമാർച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.വൈ.എഫ്.ഐ., യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നിവയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച എൻ.ഐ.ടി.യിലേക്ക് മാർച്ച് നടത്തിയത്. എൻ.ഐ.ടി. കാംപസ് കവാടത്തിനുമുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ മൂന്ന് സംഘടനകളുടെയും മാർച്ചിനുനേരേ ജലപീരങ്കി പ്രയോഗിച്ചു.
അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച യുവജനമാർച്ച് സംസ്ഥാനപ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ഷൈജ ആണ്ടവനെതിരേ നടപടി ഉണ്ടാവുന്നതുവരെ ഡി.വൈ.എഫ്.ഐ. പ്രക്ഷോഭം തുടരുമെന്ന് വസീഫ് പറഞ്ഞു. ടി.കെ. സുമേഷ് അധ്യക്ഷനായി. ജില്ലാസെക്രട്ടറി പി.സി. ഷൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. നിനു, ദിപു പ്രേംനാഥ്, കെ. അരുൺ, പ്രഗിൻലാൽ എന്നിവർ സംസാരിച്ചു. അധ്യാപികയ്ക്കെതിരേ നടപടിയാവശ്യപ്പെട്ട് ബുധനാഴ്ച രാത്രി പത്തുമണിയോടെ എൻ.ഐ.ടി. കവാടത്തിനുമുന്നിൽ ഡി.വൈ.എഫ്.ഐ. ഫ്ലക്സ് ബോർഡ് സ്ഥാപിക്കാൻ ശ്രമിച്ചത് സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു.
യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു. പി.ടി. അസീസ് അധ്യക്ഷനായി. അബിൻ വർക്കി, ജില്ലാപ്രസിഡന്റ് ആർ. ഷഹിൻ, എം. ധനീഷ് ലാൽ, വി.ടി. നിഹാൽ, സനൂജ് കുരുവട്ടൂർ, വളപ്പിൽ റസാഖ്, ടി.കെ. സിറാജുദ്ദീൻ, മുഹമ്മദ് ദിഷാൽ, ഷരീഫ് മലയമ്മ തുടങ്ങിയവർ സംസാരിച്ചു. കുന്ദമംഗലം നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ‘യുവരോഷം’ പ്രതിഷേധപരിപാടി ജില്ലാപ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനംചെയ്തു. ഐ. സൽമാൻ അധ്യക്ഷനായി. കെ.എം.എ. റഷീദ്, എം. നൗഷാദ്, എൻ.പി. ഹംസ, ഒ. ഹുസൈൻ, എം.എസ്.എഫ്. സംസ്ഥാനസെക്രട്ടറി ഷാക്കിർ പാറയിൽ എന്നിവർ സംസാരിച്ചു.