Adivaram

താമരശ്ശേരി ചുരത്തില്‍ അപകടത്തെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്ക്

അടിവാരം : താമരശ്ശേരി ചുരത്തില്‍ അപകടത്തെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്ക്. ശനിയാഴ്ച്ച രാവിലെ ചുരം ഒമ്പതാം വളവിന് സമീപം ലോറികള്‍ കൂട്ടിയിടിക്കുകയായിരുന്നു. ചുരം കയറുകയായിരുന്ന 18 ചക്രമുള്ള ലോറിയും ചുരം ഇറങ്ങുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇതോടെ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് മണിക്കൂറിന് ശേഷമാണ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കാനുള്ള ക്രെയിന്‍ എത്തിയത്. നിലവില്‍ ക്രെയ്ന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കിയിട്ടുണ്ട്. വണ്‍വേ പാലിച്ചാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. അവധി ദിനം കൂടിയായതിനാല്‍ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. വൈത്തിരി മുതല്‍ അടിവാരം വരെ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്.

പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തരും സ്ഥലത്തുണ്ട്. കഴിഞ്ഞദിവസം രാത്രി ടിപ്പര്‍ ലോറിയുടെ പിന്നിലെ ഡോര്‍ തുറന്ന് മെറ്റല്‍ റോഡിലേക്ക് വീണ് ചെറിയ ഗതാഗത തടസമുണ്ടായിരുന്നു. അടിവാരം മുതല്‍ ഒന്നാം വളവ് വരെയുള്ള റോഡിലാണ് മെറ്റൽ വീണത്. അടിവാരം പോലീസും ഹൈവേ പോലീസും ചേര്‍ന്നാണ് ഒന്നര ഇഞ്ച് മെറ്റല്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തത്.

Related Articles

Leave a Reply

Back to top button