ലൗഷോര്‍ സ്പെഷ്യല്‍ സ്കൂള്‍ 23-ാം വാര്‍ഷികം ആഘോഷിച്ചു
മുക്കം : മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സവിശേഷ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കി വരുന്ന പന്നിക്കോട് ലൗ ഷോറിന്‍റെ 23 -ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 2001 ല്‍ 13 കുട്ടികളുമായി തുടങ്ങിയ സ്ഥാപനം ഇന്ന് അറുന്നൂറോളം കുട്ടികളുമായാണ് പ്രവർത്തിച്ചു വരുന്നത്. വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി സ്നേഹ സംഗമം, പൂർവ വിദ്യാർഥികളെ ആദരിക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍, ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കല്‍, കുട്ടികളുടെ നിർമാണ ഉത്പന്നങ്ങളുടെ പ്രദർശനവും വില്‍പനയും, കുടുംബസംഗമ സദസുകള്‍ എന്നിവ നടന്നു.
പരിപാടികള്‍ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ പ്രസിഡന്‍റ് ആദരിച്ചു. പിടിഎ പ്രസിഡന്‍റ്‌അബ്ദുറഹിമാൻ ബംഗാളത്ത് അധ്യക്ഷനായി. മുക്കം എഇഒ ടി. ദീപ്തി മുഖ്യാതിഥിയായി. ലൗഷോർ ജനറല്‍ സെക്രട്ടറി യു.എ. മുനീർ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. കെ.പി. സൂഫിയാൻ, മാധ്യമ പ്രവർത്തകൻ സി. ഫസല്‍ ബാബു, അബ്ദുറഹിമാൻ കൊയിലാട്ട്, ഹുസൻകുട്ടി, അബു ലൈസ്, എം.കെ. അബ്ദുറഹിമാൻ, ആമിന തുടങ്ങിയവർ പ്രസംഗിച്ചു.