കോഴിക്കോട് എൻ.ഐ.ടി.യിൽ അന്താരാഷ്ട്ര സമ്മേളനം നടത്തി
മുക്കം : എൻ.ഐ.ടി.യിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അടിസ്ഥാന സൗകര്യവികസന അന്താരാഷ്ട്ര സമ്മേളനം നടത്തി. ഡൽഹി സി.എസ്.ഐ.ആർ. – സി.ആർ.ആർ.ഐ. ഡയറക്ടർ പ്രൊഫ. മനോരഞ്ജൻ പരിദ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിലവിൽ സ്വകാര്യഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന ആളുകളെ പൊതുഗതാഗത സംവിധാനത്തിലേക്കു മാറാൻ പ്രേരിപ്പിക്കുക എന്നതാണ് പൊതുഗതാഗത മേഖല നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.
എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി. ‘അടിസ്ഥാനസൗകര്യ വികസനത്തിലെ സമീപകാല മുന്നേറ്റങ്ങൾ- 2024’ എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ അടിസ്ഥാനസൗകര്യ വികസനകാര്യങ്ങൾ ചർച്ചയായി. ഡൽഹി ഐ.ഐ.ടി. പ്രൊഫ. സുരേഷ് ഭല്ല മുഖ്യാതിഥിയായി. അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള ദേശീയ ലബോറട്ടറിയായ കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.) സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി (സി.ആർ.ആർ.ഐ.) എൻ.ഐ.ടി.സി. ധാരണാപത്രം ഒപ്പുവെച്ചു. സ്ഥാപനങ്ങൾ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കവും സഹകരണവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
സി.എസ്.ഐ.ആർ. – സി.ആർ.ആർ.ഐ. ഡയറക്ടർ പ്രൊഫ. മനോരഞ്ജൻ പരിദയും എൻ.ഐ.ടി.സി. സെന്റർ ഫോർ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻസ് ചെയർപേഴ്സൺ പ്രൊഫ. ജോസ് മാത്യുവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സിവിൽ എഞ്ചിനിയറിങ് വിഭാഗം മേധാവി പ്രൊഫ. ടി.എം. മാധവൻ പിള്ള, പ്രൊഫ. പ്രവീൺ നാഗരാജൻ, ഡോ. പ്രതീക് നേഗി, ഡോ. എം. യോഗേഷ് കുമാർ, ഡോ. ഹിൽലോൽ ചക്രവർത്തി എന്നിവർ സംസാരിച്ചു.